തിരുവനന്തപുരം∙ യുവസംവിധായിക നയന സൂര്യന്റെ മരണം കൊലപാതകമെല്ലെന്ന് ഉറപ്പിച്ച് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. മയോകാര്‍ഡിയല്‍ ഇന്‍ഫാർക്‌ഷനാണ് മരണകാരണമെങ്കിലും അതിലേക്കു നയിച്ചത് എന്താണെന്നു വ്യക്തമല്ലെന്നുള്ള റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിനു കൈമാറി. ഇതോടെ ആത്മഹത്യയെന്നോ രോഗം മൂലമുള്ള മരണമെന്നോ കണ്ടെത്താനാവുന്നില്ലെന്നു റിപ്പോര്‍ട്ട് നല്‍കി അന്വേഷണം അവസാനിപ്പിക്കാനാണു ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
ലെനിന്‍ രാജേന്ദ്രന്റെ ശിഷ്യയായിരുന്ന നയന സൂര്യനെ 2019 ഏപ്രിലിലാണ് തിരുവനന്തപുരത്തെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. സ്വാഭാവിക മരണമെന്നു കരുതിയെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സുഹൃത്തുക്കള്‍ക്കു ലഭിച്ചതോടെ കൊലപാതകമെന്ന ആക്ഷേപമുയര്‍ന്നു. അതോടെ തുടങ്ങിയ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ഭാഗമായി രൂപീകരിച്ച വിദഗ്ധ മെഡിക്കല്‍ ബോര്‍ഡ് സംഘമാണു കൊലപാതക സാധ്യത പൂര്‍ണമായി തള്ളുന്നത്.
നയനയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്തിലും അടിവയറ്റിലും ഉള്‍പ്പെടെ ചില പരുക്കുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ആ പരുക്കുകളൊന്നും മരണകാരണമല്ലെന്നു വിലയിരുത്തലാണു കൊലപാതകസാധ്യത തള്ളാനുള്ള പ്രധാനകാരണമായി മെഡിക്കല്‍ ബോര്‍ഡ് പറയുന്നത്.
ഹൃദയാഘാതത്തിനു സമാനമായ മയോകാര്‍ഡിയല്‍ ഇന്‍ഫാർക്‌ഷന്‍ മരണകാരണമായി സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടില്‍ ആത്മഹത്യയോ രോഗമോ ആവാം അതിലേക്കു നയിച്ചത് എന്നു സൂചിപ്പിച്ച് രണ്ടിനുമുള്ള സാധ്യതകള്‍ ചൂണ്ടിക്കാട്ടുന്നു. രക്തത്തില്‍ ഷുഗര്‍ ക്രമാതീതമായി കുറഞ്ഞ് നയന നേരത്തെ അഞ്ച് തവണ ബോധരഹിതയായ ചരിത്രമാണ് രോഗംമൂലമുള്ള മരണത്തിന്റെ പ്രധാന സാധ്യത. അന്നെല്ലാം ഉടനെ ആശുപത്രിയിലെത്തിച്ചതാണ് ജീവൻ രക്ഷിച്ചതെങ്കില്‍ അവസാനതവണ സമീപത്ത് ആരുമുണ്ടായിരുന്നില്ല.
ഇന്‍സുലിന്റെയും വിഷാദരോഗത്തിനുള്ള മരുന്നിന്റെയും അമിതോപയോഗമാണ് ആത്മഹത്യയ്ക്കുള്ള സാധ്യതകള്‍. മരണത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ ഇന്‍സുലിന്റെ അമിതോപയോഗത്തെക്കുറിച്ചും മരണശേഷമുള്ള ജീവിതത്തെക്കുറിച്ചും നയന ഗൂഗിളില്‍ തിരഞ്ഞത് ഈ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
ആത്മഹത്യയോ രോഗമോ എന്ന് ഉറപ്പിക്കുന്നില്ലങ്കിലും കൊലപാതകം അല്ലെന്ന് ഉറപ്പിച്ചതിനാല്‍ അക്കാര്യം ചൂണ്ടിക്കാട്ടി ഉന്നത ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കി അന്വേഷണം അവസാനിപ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.