നയൻതാരയ്ക്ക് നിർണായകം, വസ്ത്രം വരെ പകർപ്പവകാശ പരിധിയിൽ വരുമെന്ന് ധനുഷ്; ഹർജിയിൽ ഇന്ന് വാദം തുടങ്ങും

news image
Feb 5, 2025, 3:43 am GMT+0000 payyolionline.in

ചെന്നൈ: നടി നയൻതാരയ്ക്കും നെറ്റ്ഫ്ലിക്സിനും എതിരെ നിർമാതാവും നടനുമായ ധനുഷ് നൽകിയ പകർപ്പവകാശ ലംഘന കേസിൽ ഇന്ന് മദ്രാസ് ഹൈക്കോടതിയിൽ വാദം തുടങ്ങും. നയൻതാരയെ കുറിച്ചുള്ള ഡോക്യുമെന്‍ററിയിൽ, ധനുഷ് നിർമിച്ച നാനും റൗഡി താൻ സിനിമയുടെ അണിയറ ദൃശ്യങ്ങൾ അനുമതി ഇല്ലാതെ ഉപയോഗിച്ചെന്നാണ് ഹർജി. 10 കോടി രൂപ നഷ്ട പരിഹാരം നൽകണം എന്നാണ് ധനുഷിന്‍റെ ആവശ്യം. സിനിമയിൽ നയൻതാര ഉപയോഗിച്ച വസ്ത്രം വരെ പകർപ്പവകാശ നിയമത്തിന്‍റെ പരിധിയിൽ വരുമെന്നും ധനുഷ് അവകാശപ്പെട്ടിരുന്നു.

ധനുഷിന്റെ ഹർജി പരിഗണിക്കരുതെന്ന നെറ്റ്ഫ്ലിക്സിന്റെ ആവശ്യം മദ്രാസ് ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ധനുഷ് നിർമിച്ച നാനം റൗഡി താൻ എന്ന സിനിമയുടെ അണിയറ ദൃശ്യങ്ങൾ നയൻതാരയുടെ ജീവിതം പ്രമേയമാക്കിയുള്ള ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ധനുഷിന്റെ നിർമാണ കമ്പനിയായ വണ്ടർബാർ ഫിലിംസ് ആണ് മദ്രാസ് ഹൈക്കോടതയെ സമീപിച്ചത്. ഇതോടെ നെറ്റ്ഫ്ലിക്സ് ഇന്ത്യ മറ്റൊരു ഹർജി കൂടി നൽകി. ഈ കേസ് മദ്രാസ് ഹൈക്കോടതി പരിഗണിക്കാൻ പാടില്ല. കാരണം നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ ആസ്ഥാനം മുംബൈ ആണ്. ധനുഷിന്റെ കമ്പനിയുടെ ആസ്ഥാനം കാഞ്ചീപുരം ആണ്. അതുകൊണ്ട് കാഞ്ചീപുരം കോടതിയിലോ മുംബൈയിലോ കേസ് മാറ്റണം എന്നായിരുന്നു ധനുഷിന്റെ ഹർജി. നവംബർ 18നാണ് ഡോക്യുമെന്ററി റിലീസ് ചെയ്തത്. ഏഴ് ദിവസത്തിന് ശേഷമാണ് ധനുഷ് ഇങ്ങനെയൊരു ഹർജി നൽകിയതെന്ന തരത്തിലുള്ള കാര്യങ്ങൾ ആയിരുന്നു നെറ്റ് ഫ്ലിക്സ് ചൂണ്ടിക്കാട്ടിയത്.

സിനിമ ഷൂട്ട് ചെയ്തത് പോണ്ടിച്ചേരിയിലും ചെന്നൈയിലുമാണ്. നയന്‍താരയുമായി കരാര്‍ ഒപ്പിടുമ്പോള്‍ ധനുഷിന്‍റെ കമ്പനിയുടെ ഓഫീസ് ചെന്നൈയില്‍ ആയിരുന്നു. നയന്‍താര സിനിമയില്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളും ഹെയര്‍ സ്റ്റൈല്‍ അടക്കമുള്ള കാര്യങ്ങള്‍ പകര്‍പ്പവകാശത്തിന്‍റെ പരിതിയില്‍ വരുമെന്നും അതുകൊണ്ട് ഈ ഹര്‍ജി പരിഗണിക്കുമെന്നുമായിരുന്നു ധനുഷിന്‍റെ അഭിഭാഷകന്‍ വാദിച്ചത്. ഈ വാദം അംഗീകരിച്ചു കൊണ്ടാണ് മദ്രാസ് ഹൈക്കോടതി നെറ്റ്ഫ്ലിക്സിന്‍റെ ഹര്‍ജി തള്ളിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe