കോഴിക്കോട്∙ നരിക്കുനിയിൽ ജ്വല്ലറിയുടെ ചുമരു കുത്തിത്തുരന്ന് മോഷണം നടത്താൻ ശ്രമം. പടനിലം റോഡ് ജംക്‌ഷനിലെ എംസി ജ്വല്ലറിയിലാണ് ഇന്നു പുലർച്ചെ മൂന്നു മണിയോടെ മോഷണശ്രമം നടന്നത്. ഗൂർഖയുടെ ഇടപെടലിനെ തുടർന്ന് മോഷണ ശ്രമം പാളി. കള്ളനെ കയ്യോടെ പിടികൂടുകയും ചെയ്തു. സ്ഥലത്തെത്തിയ കൊടുവള്ളി പൊലീസ് മോഷ്ടാവിനെ കസ്റ്റഡിയിലെടുത്തു.മലപ്പുറം സ്വദേശിയായ അമീർ (38) ആണ് പിടിയിലായത്. ജ്വല്ലറിയുടെ പിൻവശത്തെ ചുമർ കമ്പിപ്പാര കൊണ്ടു കുത്തി തുരക്കാൻ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ടാണ് ഗൂർഖ രാജു ഇവിടെയെത്തിയത്. തുടർന്ന് ഇയാൾ അതിവിദഗ്ധമായി മോഷ്ടാവിനെ കീഴ്പെടുത്തുകയായിരുന്നു. അതിനുശേഷം വ്യാപാരി വ്യവസായി ഭാരവാഹികളെ വിളിച്ച് വിവരം അറിയിച്ചു.