ന്യൂഡൽഹി: പുതിയ മാറ്റത്തിന് ഇന്ത്യൻ റെയിൽവേയും ഒരുങ്ങി കഴിഞ്ഞു. രാജ്യത്തുടനീളമുള്ള റെയിൽവേ സ്റ്റേഷനുകളിൽ നൂതന ഡിജിറ്റൽ ക്ലോക്കുകൾ സ്ഥാപിക്കാനുള്ള ഒരുക്കം ഇന്ത്യൻ റെയിൽ വേ ആരംഭിച്ചു. അതിന്റെ ഭാഗമായി ഡിജിറ്റൽ ക്ലോക്ക് ഡിസൈനുകൾക്കായുള്ള എൻട്രികൾ ക്ഷണിച്ചുകൊണ്ട് ഇന്ത്യൻ റെയിൽവേ രാജ്യവ്യാപകമായി ഒരു മത്സരം സംഘടിപ്പിച്ചിട്ടുണ്ട്.പ്രൊഫഷണലുകൾ, യൂണിവേഴ്സിറ്റി വിദ്യാർഥികൾ, സ്കൂൾ വിദ്യാർഥികൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തരംതിരിച്ചാണ് മത്സരം നടത്തുന്നത്. വിജയിക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപ സമ്മാനമായി ലഭിക്കും.
കൂടാതെ ഈ ഡിസൈനുകൾ ഇന്ത്യൻ റെയിൽ വേ സ്റ്റേഷനിൽ ഉടനീളം സ്ഥാപിക്കും.ഇന്ത്യൻ റെയിൽവേയുടെ ഈ മത്സരത്തിൽ പങ്കെടുക്കുന്ന അഞ്ച് പേർക്ക് 50,000 രൂപ വീതമുള്ള പ്രോത്സാഹന സമ്മാനങ്ങളും ലഭ്യമാണ്. മുന്ന് വിഭാഗങ്ങളിലും ഇത് ക്രമീകരിച്ചിട്ടുണ്ട്. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മെയ് 31-നകം അപേക്ഷ സമർപ്പിക്കണം.മത്സരാർത്ഥികൾക്ക് [email protected] എന്ന വിലാസത്തിൽ എൻട്രി അപേക്ഷകൾ സമർപ്പിക്കാം. ‘ സമർപ്പിക്കുന്ന എല്ലാ ഡിസൈനുകളും ഒർജിനൽ ആയിരിക്കണം, സ്വന്തമായി നിർമ്മിക്കുന്നവ ആയിരിക്കണമെന്ന്’ റെയിൽവേ ബോർഡിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ (ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി) ദിലീപ് കുമാർ പറഞ്ഞു.മത്സരത്തിൽ പങ്കെടുക്കുന്നവർ തിരിച്ചറിയൽ രേഖകൾ നൽകേണ്ടതുണ്ട്. 12-ാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാർത്ഥികൾ, സാധുവായ ഒരു സ്കൂൾ ഐഡി കാർഡ് കാണിക്കണം. അംഗീകൃത കോളേജിലോ സർവകലാശാലയിലോ പഠിക്കുന്ന വിദ്യാർഥികൾക്കും ഐഡി ഉപയോഗിച്ച് ഇതിൽ പങ്കെടുക്കാം.ബാക്കി എല്ലാവർക്കും പ്രൊഫഷണൽ വിഭാഗത്തിൽ മത്സരത്തിൽ പങ്കെടുക്കാം.പഴയ രീതിയിലുള്ള റെയിൽവേ ക്ലോക്കുകൾ നീക്കം ചെയ്യില്ലെന്ന് ദിലീപ് കുമാർ പറഞ്ഞു ബിസിനസ് ലൈനിനോട് പറഞ്ഞു. ഇന്ത്യയിൽ 8,000-ത്തിലധികം റെയിൽവേ സ്റ്റേഷനുകളുണ്ട്. അതിൽ പലതിലും പരമ്പരാഗത ക്ലോക്കുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ കുറച്ച് സ്റ്റേഷനുകളിൽ ഇതിനോടകം തന്നെ ഡിജിറ്റൽ ക്ലോക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. അമൃത് ഭാരത് സ്റ്റേഷനുകൾ ഇന്ത്യൻ റെയിൽവേ മെച്ചപ്പെടുത്തികൊണ്ടിരിക്കുയാണ്. ആധുനിക ഡിസൈനുകളുള്ള പുതിയ ഡിജിറ്റൽ ക്ലോക്കുകൾ ഈ സ്റ്റേഷനുകളിലായിരിക്കും സ്ഥാപിക്കുക.
എന്താണ് അമൃത് ഭാരത് സ്റ്റേഷനുകൾ
ഇന്ത്യയിലെ നിലവിലുള്ള റെയിൽ വേ സ്റ്റേഷനുകളുടെ നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ സർക്കാർ ആരംഭിച്ച പദ്ധതിയാണ് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി. ഇതിൽ 1309 റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പെടുന്നുണ്ട്. യാത്രക്കാരുടെ സുഖസൗകര്യങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നവീകരണ പ്രവർത്തങ്ങൾ നടത്തുന്നത്.