തൃശൂർ: കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിന് എതിരായ കസ്റ്റഡി മർദനത്തിൽ, പൊലീസുകാരെ സസ്പെൻഡ് ചെയ്യാതെ നടത്തിയ അന്വേഷണത്തിൽ രക്ഷപ്പെടാൻ വീഴ്ചകളേറെ. ദൃശ്യങ്ങൾ ലഭിച്ചിട്ടും ദുർബല വകുപ്പുകൾ മാത്രമാണ് ഉദ്യോഗസ്ഥർക്കു നേരെ ചുമത്തിയത്. കൈ കൊണ്ട് അടിച്ചു എന്ന വകുപ്പു മാത്രമാണ് ചുമത്തിയത്. അന്വേഷണ റിപ്പോർട്ടിൽ മൂന്നാംമുറ ശരിവച്ചിരുന്നു. കൊടുത്തത് നല്ല ഇടി എന്നായിരുന്നു എസിപിയുടെ റിപ്പോർട്ട്. 2023ൽ ആയിരുന്നു ഈ റിപ്പോർട്ട് സമർപ്പിച്ചത്. കീഴുദ്യോഗസ്ഥർക്ക് ഉന്നതരുടെ പരിരക്ഷ ആവോളം ലഭിച്ചു എന്നാണ് ഇതിൽ നിന്നും മനസിലാകുന്നത്.
എസ്ഐ അടക്കം മൂന്നുപേര്‍ക്കെതിരെ നടപടിയെടുത്തെന്നാണ് വാദമെങ്കിലും രണ്ട് വര്‍ഷത്തെ ശമ്പള വര്‍ധന തടയുക മാത്രമാണുണ്ടായത്. സസ്പെന്‍ഷന്‍ പോലും ഉണ്ടായില്ല. ഒരു കുറ്റത്തിനു രണ്ടുതവണ നടപടിയെടുക്കാന്‍ സാധിക്കില്ലെന്നാണ് ഉന്നതരുടെ വാദം. മര്‍ദിച്ച പൊലീസുകാര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന നിലപാടിലാണ് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ. മര്‍ദനത്തില്‍ ഭാഗമായ മുഴുവന്‍പേരെയും ക്രമസമാധാനച്ചുമതലയില്‍നിന്ന് മാറ്റിയേക്കും. തുടർ നടപടിക്ക് നിയമസാധുത പരിശോധിക്കാൻ ഡിജിപി ഉത്തര മേഖല ഐജിക്ക് നിർദേശം നൽകി.
2023 ഏപ്രില്‍ അഞ്ചിനാണ് യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്‍റായ വി.എസ്.സുജിത്തിനു പൊലീസ് സ്റ്റേഷനില്‍ വച്ച് ക്രൂരമര്‍ദനമേറ്റത്. വിവരാവകാശ കമ്മിഷന്‍റെ ഉത്തരവ് പ്രകാരമാണ് സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. വഴിയരികില്‍ നിന്ന തന്‍റെ സുഹൃത്തുക്കളെ അകാരണമായി പൊലീസ് ഭീഷണിപ്പെടുത്തിയത് എന്തിനെന്ന് ചോദിച്ചാണ് പൊലീസുകാര്‍ സുജിത്തിനെ മര്‍ദിച്ചത്. എസ്ഐ നുഹ്മാന്‍ പൊലീസ് ജീപ്പില്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും മർദിക്കുകയുമായിരുന്നു. സ്റ്റേഷനില്‍ വച്ച് എസ്‌ഐ നുഹ്മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരാണ് ദേഹോപദ്രവം ഏല്‍പ്പിച്ചത്.