നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിൻ്റെ മരണം; പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനുമെതിരെ നടപടി, സസ്പെൻഡ് ചെയ്തു

news image
Jan 7, 2025, 7:23 am GMT+0000 payyolionline.in

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് കോളേജ് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനുമെതിരെ നടപടി. ചുട്ടിപ്പാറ നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ആയിരുന്ന അബ്ദുൽ സലാം, വൈസ് പ്രിൻസിപ്പൽ സജി ജോസഫ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പ്രിൻസിപ്പലിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. വിദ്യാർത്ഥിയുടെ മരണത്തിൽ പ്രിൻസിപ്പലിന് അടക്കം ഉത്തരവാദിത്തം ഉണ്ടെന്ന് അമ്മു സജീവിൻ്റെ കുടുംബം ആരോപിച്ചിരുന്നു. ആരോഗ്യ സർവകലാശാലയുടെ അന്വേഷണ സമിതി ഇത് പരിശോധിച്ചിരുന്നു. ഇതിനെ തുടർന്നാണ് നടപടി.

നവംബര്‍ 15 നാണ് ചുട്ടിപ്പാറ എസ്എംഇ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്ന അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന് അമ്മു സജീവ് ചാടി മരിക്കുന്നത്. അന്നേദിവസം സഹപാഠികളും അധ്യാപകനും ചേർന്ന് അമ്മുവിനെ മാനസികമായി പീഡിപ്പിച്ചു എന്നാണ് കുടുംബം ആരോപിക്കുന്നത്. തലയ്ക്കും ഇടുപ്പിനും തുടയ്ക്കും ഉണ്ടായ മാരക പരിക്കുകളും രക്തസ്രാവവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അമ്മുവിൻ്റെ സഹപാഠികളായ മൂന്ന് പെൺകുട്ടികളും സൈക്യാട്രി വിഭാഗം അധ്യാപകനും മാനസികമായി വേട്ടയാടി എന്നാണ് പരാതി. മൂന്ന് സഹപാഠികൾ അറസ്റ്റിലായെങ്കിലും അധ്യാപകനെതിരെ ഇതുവരെയും നടപടി എടുത്തിട്ടില്ല. അധ്യാപകനായ സജി, ചുട്ടിപ്പാറ നേഴ്സിങ് കോളേജ് പ്രിൻസിപ്പൽ എന്നിവരെ കൂടി കേസിൽ പ്രതിചേർക്കണം  എന്നാണ് കുടുംബത്തിൻ്റെ ആവശ്യം. കുട്ടികൾക്കിടയിൽ തുടക്കത്തിൽ ഉണ്ടായ ചെറിയ പ്രശ്നങ്ങൾ പ്രിൻസിപ്പൽ പരിഹരിച്ചില്ലെന്നും പിന്നീട് രേഖാമൂലം നൽകിയ പരാതി അവഗണിച്ചെന്നുമാണ് കുടുംബം ആരോപിക്കുന്നത്.

 

സുഹൃത്തുക്കളുടെയും അധ്യാപകന്റെയും മാനസിക പീഡനത്തെ തുടർന്ന് ഭക്ഷണം കഴിക്കാൻ പോലും കഴിയാത്തവിധം അമ്മു മാനസികമായി തകർന്ന നിലയിലായിരുന്നു എന്നാണ് കുടുംബത്തിൻ്റെ പരാതി. ആത്മഹത്യാപ്രേരണ കേസിൽ അറസ്റ്റിലായ അമ്മുവിൻ്റെ മൂന്ന് സഹപാഠികൾക്കും കോടതി പിന്നീട് ജാമ്യം അനുവദിച്ചിരുന്നു. വിദ്യാർഥിനികളെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe