ന്യൂഡൽഹി:എയർ ഇന്ത്യ വിമാനങ്ങൾ ആക്രമിക്കുമെന്ന് ഭീഷണിയുമായി ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്‌വന്ത് സിങ് പന്നു. നവംബർ ഒന്നു മുതൽ 19 വരെ എയർ ഇന്ത്യാ വിമാനങ്ങളിൽ യാത്ര ചെയ്യരുതെന്നാണ് മുന്നറിയിപ്പ്. സിഖ് വംശഹത്യയുടെ 40ാം വാർഷികത്തോടനുബന്ധിച്ച് എയർ ഇന്ത്യ വിമാനത്തിന് നേരെ ആക്രമണം ഉണ്ടായേക്കുമെന്നാണ് ഭീഷണി. കഴിഞ്ഞ വർഷവും പന്നു സമാനമായ രീതിയിൽ ഭീഷണി സന്ദേശം പുറത്തിറക്കിയിരുന്നു.
വ്യോമയാന മേഖലയെ ഭീതിയിലാഴ്‌ത്തി വ്യാജ ബോംബ് ഭീഷണികൾ നിലയ്‌ക്കാതെ തുടരുന്ന സാഹചര്യത്തിലാണ് പുതിയ ഭീഷണി. ഒരാഴ്‌ചയ്‌ക്കിടെ എത്തിയ നൂറോളം ഭീഷണികളിൽ യാത്രക്കാരും വിമാനത്താവള അധികൃതരും വിമാനക്കമ്പനികളും വലഞ്ഞു. ഞായറാഴ്‌ച മാത്രം ഇരുപതിലേറെ ആഭ്യന്തര– അന്താരാഷ്‌ട്ര വിമാന സർവീസുകൾക്ക് ഭീഷണി സന്ദേശമെത്തി.