കണ്ണൂര്‍:നവകേരള സദസ്സിന് പണം അനുവദിച്ച് വെട്ടിലായി യുഡിഎഫ് ഭരിക്കുന്ന കണ്ണൂര്‍ ശ്രീകണ്ഠാപുരം നഗരസഭ. ശ്രീകണ്ഠാപുരം നഗരസഭ വെളളിയാഴ്ചയാണ് നവകേരള സദസ്സിന് അരലക്ഷം രൂപ കൗൺസിൽ അനുവദിച്ചത്. പതിനെട്ട് യുഡിഎഫ് അംഗങ്ങളിൽ പതിനേഴ് പേരും പിന്തുണച്ചു. വിവാദമായതോടെ തീരുമാനം പുനപരിശോധിക്കുമെന്ന് നഗരസഭാ അധ്യക്ഷ വ്യക്തമാക്കി. പിരിവ് നൽകേണ്ടെന്ന പാർട്ടി അറിയിപ്പ് ശനിയാഴ്ചയാണ് കിട്ടിയതെന്നും അത് അനുസരിക്കുമെന്നും കെ.വി. ഫിലോമിന് അറിയിച്ചു. ചൊവ്വാഴ്ച ഇതിനായി പ്രത്യേക കൗൺസിൽ യോഗം വിളിച്ചു
.
തദ്ദേശ സ്ഥാപനങ്ങൾ നവകേരള സദസ്സിന് പണം നൽകണമെന്നാവശ്യപ്പെട്ട് അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. എന്നാല്‍, നവകേരള സദസ്സിന് പണം നല്‍കേണ്ടെന്നാണ് കോണ്‍ഗ്രസ് പാര്‍ട്ടി നിര്‍ദേശം. അതേസമയം, സംഭവം വിവാദമായതോടെ വിഷയത്തില്‍ കണ്ണൂര്‍ ഡിസിസി ഇടപെട്ടു. വിഷയത്തില്‍ ജാഗ്രതക്കുറവുണ്ടായെന്നും തീരുമാനം തിരുത്താന്‍ ആവശ്യപ്പെട്ടുവെന്നും ഡിസിസി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു. പാര്‍ട്ടി തീരുമാനത്തിന് വിരുദ്ധമായി തുക അനുവദിച്ചതിനെതിരെ നേതാക്കളില്‍നിന്ന് ഉള്‍പ്പെടെ വലിയരീതിയിലുള്ള വിമര്‍ശനമാണ് ഉയരുന്നത്. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ നടപടിയെടുക്കണെന്ന ആവശ്യവും ഉയരുന്നുണ്ട്.