നവനീത് റാണ ബിജെപിയിൽ; മഹാരാഷ്ട്രയിൽ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാൻ മഹായുതി; തര്‍ക്കം തീരാതെ മഹാ വികാസ് അഘാഡി

news image
Mar 28, 2024, 4:40 am GMT+0000 payyolionline.in

മുംബൈ: മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തിലെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടാകും. എൻസിപി അജിത്ത് പവാർ വിഭാ​ഗവും ശിവസേന ഷിൻഡേ വിഭാ​ഗവും ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തു വിട്ടേക്കും. മഹാ വികാസ് അഘാഡിയിൽ തർക്കം തുടരുന്നതിനിടെ എൻസിപി ശരദ് പവാര്‍ വിഭാഗവും ഇന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കും. അതിനിടെ ആന്ധ്രപ്രദേശിലെ അമരാവതി മണ്ഡലത്തിലെ എംപി നവനീത് റാണ ബിജെപിയിൽ ചേര്‍ന്നു.

മഹാ വികാസ് അഘാഡി സഖ്യം തര്‍ക്കത്തിലായിരിക്കെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് മഹായുതി സഖ്യം. ബാരാമതിയിൽ സുനേത്ര പവാറിന്റയും റായ്​ഖഡിൽ സുനിൽ തത്കറെയെയുടെയും പേരുകൾ എൻസിപി അജിത്ത് പവാര്‍ വിഭാ​ഗം പ്രഖ്യാപിച്ചിരുന്നു. മുംബൈയിലെ സീറ്റുകളിൽ ശിവസേനയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. എൻഡിഎ സഖ്യത്തിലേക്ക് അടുത്ത രാജ് താക്കറെയ്ക്ക് സീറ്റു നൽകുമോ എന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. സംസ്ഥാനത്ത് 24 സീറ്റുകളിൽ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ബിജെപി ആറ് സീറ്റുകളിൽ കൂടി പ്രഖ്യാപനം നടത്തിയേക്കും. നാസിക്കിൽ നിന്നും മുതിര്‍ന്ന എൻസിപി നേതാവും മന്ത്രിയുമായ ഛഗൻ ഭുജ്പലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കും. ശിവസേന ഷിൻഡേ വിഭാ​ഗവും ബിജെപിയും അവകാശ വാദം ഉന്നയിക്കുന്ന സീറ്റാണ് നാസിക്ക്.

 

മഹാ വികാസ് അഘാഡിയിൽ തർക്കം തുടരുന്നതിനിടെയാണ് എൻസിപി ശരദ് പവാര്‍ വിഭാഗം ഇന്ന് സഖ്യത്തിലെ ധാരണ പ്രകാരം 10 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക. കോൺഗ്രസുമായി തര്‍ക്കം നിലനിൽക്കുന്ന ഭിവണ്ടിയിലും എൻസിപി സ്ഥാനാർത്ഥിയെ നിർത്തുമെന്നാണ് സൂചന. ഇന്നലെ ചേർന്ന പാര്‍ലമെന്റ്റി പാർട്ടി യോഗം സ്ഥാനാർത്ഥി പട്ടികയ്ക്ക് അംഗീകാരം നൽകിയിരുന്നു.

 

അതിനിടെയാണ് അമരാവതി എംപി നവനീത് റാണ ബിജെപിയിൽ ചേർന്നത്. ഇത്തവണ അമരാവതിയിലെ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പാർട്ടി അംഗത്വം എടുത്തത്. ബിജെപി മഹാരാഷ്ട്ര അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലേ അംഗത്വം നൽകി. കഴിഞ്ഞ തവണ കോൺഗ്രസ്‌-എൻസിപി പിന്തുണയോടെ സ്വതന്ത്രയായാണ് നവനീത് റാണ ജയിച്ചത്. ലൗ ഇൻ സിങ്കപ്പൂർ എന്ന മലയാള സിനിമയിലടക്കം തെന്നിന്ത്യൻ ചലച്ചിത്രങ്ങളിൽ നായികയായിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe