തിരുവനന്തപുരം > എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണ വിധേയനായ ടി വി പ്രശാന്തനെതിരെ നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി. സംഭവം നടന്നപ്പോൾ തന്നെ ഡിഎംഇ, ജെഡിഎംഇ എന്നിവർക്ക് അന്വേഷണം നടത്താൻ നിർദേശം നൽകിയിരുന്നു. പ്രശാന്തന്റെ റെഗുലറൈസേഷൻ നടപടികൾ തടയുമെന്നും പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ തുടരാൻ അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു.
പ്രശാന്തൻ സർക്കാർ ജീവനക്കാരൻ അല്ല, താൽക്കാലിക ജീവനക്കാരനാണ്. ഇങ്ങനെയൊരാൾ വകുപ്പിൽ ജോലിയിൽ വേണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. പുറത്താക്കുന്നതിൽ നിയമോപദേശം തേടിയിട്ടുണ്ട്. അഡീഷണൽ ചീഫ് സെക്രട്ടറി ചൊവ്വാഴ്ച കണ്ണൂരിലെത്തി വീണ്ടും അന്വേഷണം നടത്തും. ഡിഎംഇ നൽകിയ റിപ്പോർട്ട് തൃപ്തികരമല്ല. വിശദമായ അന്വേഷണത്തിന് പരിമിതിയുണ്ടെന്നാണ് ഡിഎംഇ അറിയിച്ചത്. ഒരാഴ്ച കഴിഞ്ഞിട്ടും നടപടി ഇല്ലാത്തതിന് കാരണം റിപ്പോർട്ടിലെ അവ്യക്തയാണ്. കൈക്കൂലി കൊടുത്തുവെന്ന് പരസ്യമായി പറഞ്ഞിട്ടും അന്വേഷണത്തിലും നടപടിയിലും കാലതാമസമുണ്ടാകുന്നു. അതുകൊണ്ടാണ് അഡീഷണൽ ചീഫ് സെക്രട്ടറി നേരിട്ട് പോകുന്നത്. നിയമപരമായി തന്നെ മുന്നോട്ട് പോകും. പ്രശാന്തൻ ഇനി സർക്കാർ ശമ്പളം വാങ്ങിക്കില്ല മന്ത്രി പറഞ്ഞു.
പെട്രോൾ പമ്പിന്റെ അപേക്ഷകൻ പ്രശാന്തൻ ആണോ എന്ന് അറിയില്ല. സംഭവത്തിന് ശേഷം അയാൾ ജോലിക്ക് വരുന്നില്ല. നവീൻ ബാബുവിനെ വിദ്യാർഥി കാലം മുതൽ അറിയാവുന്ന അയാളാണ്. കളവ് ചെയ്യില്ലെന്ന് ഉറപ്പാണ്. വിഷയവുമായി ബന്ധപ്പെട്ട് സിപിഐ എമ്മിൽ രണ്ട് അഭിപ്രായമില്ല. നിലപാട് പാർടി സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. നവീന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.