കൊച്ചി: കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന സിംഗ്ൾ ബെഞ്ച് ഉത്തരവിനെതിരെ, നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹൈകോടതിയെ സമീപിച്ചു. വസ്തുതകൾ പരിശോധിക്കാതെയാണ് സിംഗ്ൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ഹരജിയിൽ പറയുന്നു. കേസന്വേഷണം ശരിയായ രീതിയിൽ നടക്കാനും യഥാർഥ പ്രതികളെ പിടികൂടാനും കേസ് സി.ബി.ഐക്ക് വിടണമെന്നാണ് മഞ്ജുഷ ആവശ്യപ്പെടുന്നത്.
സംസ്ഥാന പൊലീസിന്റെ അന്വേഷണം അപൂർണമാണ്. ഈ നിയിലുള്ള അന്വേഷണത്തിലൂടെ പ്രതികളെ കണ്ടെത്താനാകില്ല. സിംഗ്ൾ ബെഞ്ച് ഇക്കാര്യങ്ങൾ പരിഗണിക്കാതെയാണ് ഹരജി തള്ളിയത്. സംസ്ഥാന സർക്കാറിന് അന്വേഷിക്കാമെന്ന് സിംഗ്ൾ ബെഞ്ച് പറയുമ്പോഴും ഇത് വസ്തുതാപരമായി നടക്കുമെന്ന് കുടുംബത്തിന് വിശ്വാസമില്ല. അതുകൊണ്ട് സി.ബി.ഐ അന്വേഷണമെന്ന ആവശ്യത്തിൽ തങ്ങൾ ഉറച്ചുനിൽക്കുന്നു. ഡിവിഷൻ ബെഞ്ച് ഇക്കാര്യങ്ങൾ പരിഗണിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
നേരത്തെ, നവീൻ ബാബുവിന്റെ കുടുംബം ആരോപിക്കുന്നതു പോലെ കൊലപാതകത്തിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണ സംഘം കോടതിയിൽ വ്യക്തമാക്കിയിരുന്നു. കുടുംബത്തിന്റെ സംശയങ്ങൾ പരിഹരിക്കാനുള്ള അന്വേഷണം നടത്തുമെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു. ആത്മഹത്യ പ്രേരണക്കുറ്റത്തിന് പ്രതി ചേർക്കപ്പെട്ട പി.പി. ദിവ്യക്ക് യാതൊരു പരിഗണനയും നൽകില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രതിയോ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്ന് ഹരജിക്കാരി പറയുന്നു.
എ.ഡി.എമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ അഴിമതിക്കാരനായി ചിത്രീകരിച്ച് പ്രസംഗിച്ചതിന് പിന്നാലെ കഴിഞ്ഞ ഒക്ടോബർ 15നാണ് നവീൻ ബാബുവിനെ കണ്ണൂരിലെ ക്വാർട്ടേഴ്സിൽ മരിച്ചനിലയിൽ കണ്ടത്. ആത്മഹത്യ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായ ദിവ്യ ജാമ്യത്തിലാണ്.
മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും അതിന് പിൻബലമായ വസ്തുതകളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മഞ്ജുഷ കോടതിയെ സമീപിച്ചത്. സി.പി.എം ജില്ല കമ്മിറ്റി അംഗമായിരുന്ന ദിവ്യക്ക് ഉന്നത രാഷ്ട്രീയ സ്വാധീനമുള്ളതിനാൽ പൊലീസിൽ നിന്ന് നിഷ്പക്ഷമായ അന്വേഷണം പ്രതീക്ഷിക്കുന്നില്ലെന്നും ആരോപിച്ചിരുന്നു.
എന്നാൽ, സി.ബി.ഐ അന്വേഷണം അനിവാര്യമാക്കുന്ന എന്തെങ്കിലും പിഴവ് ചൂണ്ടിക്കാട്ടാൻ ഹരജിക്കാരിക്ക് കഴിഞ്ഞിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഭരണകക്ഷിയുമായി പ്രതിക്കുള്ള ബന്ധത്തിന്റെ പേരിൽ മാത്രം അന്വേഷണം സി.ബി.ഐക്ക് കൈമാറാനാകില്ല. അന്വേഷണസംഘത്തെ സംശയിക്കാൻ കാരണങ്ങളില്ല. തുടക്കം മുതൽ ശരിയായ രീതിയിലാണ് അന്വേഷണം.
സംഭവം നടന്ന് 15 മണിക്കൂറിനു ശേഷമാണ് ബന്ധുക്കൾ എത്തിയത്. ഇൻക്വസ്റ്റ് ബന്ധുക്കളുടെ സാന്നിധ്യത്തിലാവണമെന്ന് നിർബന്ധമില്ല. അഞ്ച് സ്വതന്ത്ര സാക്ഷികളുടെ സാന്നിധ്യത്തിലായിരുന്നു ഇൻക്വസ്റ്റ്. മൃതദേഹത്തിൽ നിന്നടക്കം ആത്മഹത്യക്കുറിപ്പ് ലഭിച്ചിട്ടില്ലെന്നത് കേസ് ഡയറിയിൽ വ്യക്തമാണ്. മൂത്രാശയക്കല്ലടക്കമുള്ള കാരണങ്ങളാവാം അടിവസ്ത്രത്തിലെ രക്തക്കറക്ക് പിന്നിൽ. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇത് പരാമർശിക്കാത്തതിന് കാരണം ഇതാകാമെന്ന ഡോക്ടറുടെ വിശദീകരണം കേസ് ഡയറിയിലുണ്ടെന്നും ഉത്തരവിൽ പറയുന്നു.