ദില്ലി: ഇന്ത്യക്കാരുടെ നാടുകടത്തലിനെ ന്യായീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിർസിയും. മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരമാണ് നാടുകടത്തൽ നടപ്പാക്കുന്നത്. തിരിച്ചയക്കുന്നവരോട് മോശം പെരുമാറ്റം പാടില്ലെന്ന് അമേരിക്കയെ അറിയിക്കും. സൈനിക വിമാനം ഇറങ്ങാൻ അനുമതി നൽകിയത് നിലവിലെ ചട്ടപ്രകാരമെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു. നിയമ വിരുദ്ധപ്രവർത്തനങ്ങൾ അംഗീകരിക്കാൻ ആവില്ലെന്നും അമേരിക്ക ഇന്ത്യക്കാരെ തിരിച്ചയയ്ക്കുന്നത് ആദ്യമായല്ലെന്നുമായിരുന്നു വിദേശകാര്യ മന്ത്രി എസ് ജയശങ്കറിൻ്റെ പ്രതികരണം.
ഇന്ത്യക്കാരോടുള്ള മോശം പെരുമാറ്റത്തിൽ അമേരിക്കയെ ആശങ്ക അറിയിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. അമേരിക്ക 487 പേരെ കൂടി തിരിച്ചയക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിൽ 298 പേരുടെ വിവരം ഇന്ത്യയ്ക്ക് കൈമാറി. ഇപ്പോൾ നടപ്പാക്കുന്നത് ദേശീയ സുരക്ഷയുടെ ഭാഗമായ ഓപ്പറേഷൻ എന്നാണ് അമേരിക്ക അറിയിച്ചത്. അതുകൊണ്ടാണ് സൈനിക വിമാനം ഉപയോഗിച്ചത്. ബദൽ മാർഗ്ഗങ്ങൾ അമേരിക്കയുമായി ചർച്ച ചെയ്യും. എത്ര ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരുണ്ട് എന്നതിൽ കൃത്യമായ വിവരമില്ലെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിർസി പറഞ്ഞു.