നാണത്തിനു കയ്യും കാലും ജീവനുമുണ്ടെങ്കിൽ വി.ഡി.സതീശനെ മുന്നിൽ നിർത്തും: പരിഹസിച്ച് മന്ത്രി റിയാസ്

news image
Dec 20, 2023, 3:19 pm GMT+0000 payyolionline.in

തിരുവനന്തപുരം: നാണത്തിനു കയ്യും കാലും ജീവനുമുണ്ടെങ്കിൽ അത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുന്നിൽ നിർത്തി സ്വയം പിന്നിലേക്കു മാറിനിൽക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വിവിധ സംസ്ഥാനങ്ങളിലെ ബിജെപി ഇതര സർക്കാരുകളെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന കേന്ദ്രസർക്കാരിന്, ബിജെപിയുടെ ബി ടീമായി എല്ലാ സഹായവും ചെയ്തു കൊടുക്കുന്ന സതീശന് പ്രതിപക്ഷ നേതാവിന്റെ കസേരയിലിരിക്കാൻ നാണമുണ്ടോയെന്ന് മന്ത്രി ചോദിച്ചു. പ്രതിപക്ഷ നേതാവ് സെക്രട്ടേറിയറ്റിനു മുന്നിലേക്ക് ഒരു സമരം നയിക്കുന്നത് ആദ്യമായിട്ടാണെന്നും, നിയമം കയ്യിലെടുക്കുമെന്നും അടിച്ചാൽ തിരിച്ചടിക്കുമെന്നും പറയുന്നത് അതിന്റെ ആവേശത്തിലാണെന്നും മന്ത്രി പരിഹസിച്ചു. നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

‘‘തലസ്ഥാനത്ത് ഒരു യുവജന സംഘടനയുടെ പേരിൽ വലിയ നിലയിലുള്ള അക്രമം അഴിച്ചുവിടുന്നു. അവിടെ പ്രതിപക്ഷ നേതാവു തന്നെ അതിനു നേതൃത്വം കൊടുക്കുകയാണ്. നിയമം ഞങ്ങൾ കയ്യിലെടുക്കും, അടിച്ചാൽ തിരിച്ചടിക്കും, മുഖ്യമന്ത്രിക്ക് ആ സ്ഥാനത്തിരിക്കാൻ നാണമുണ്ടോ എന്നൊക്കെയാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. 2016ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സർക്കാരിനെ നയിച്ച് 2021ൽ കൂടുതൽ സീറ്റുകൾ നേടി ജനങ്ങളുടെ പിന്തുണയോടു കൂടി വീണ്ടും അധികാരത്തിൽ വന്ന മുഖ്യമന്ത്രിക്ക് അഭിമാനത്തോടെ തന്നെ ഈ കസേരയിലിരിക്കാനാകും മിസ്റ്റർ ഓപ്പോസിഷൻ ലീഡർ. അക്കാര്യത്തിൽ ഒരു സംശയവും വേണ്ട. കോവിഡ്

ആകട്ടെ, നിപ്പ ആകട്ടെ, ഓഖി ആകട്ടെ, പ്രളയം ആകട്ടെ… പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങളെ ചേർത്തുപിടിച്ചു കൊണ്ട് ധീരതയുടെ പര്യായമായി ഈ സംസ്ഥാനത്തെ സർക്കാരിനെ നയിച്ച മുഖ്യമന്ത്രിക്ക് നാണത്തോടെയല്ല, അഭിമാനത്തോടെ ഈ സ്ഥാനത്തിരിക്കാനാകുമെന്നു കേരളത്തിലെ പ്രതിപക്ഷ നേതാവ് തിരിച്ചറിയണം.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ പോലെ മത, വർഗീയ കലാപങ്ങളിലൂടെയും വിദ്യാഭ്യാസ സിലബസുകളിൽ കാവിവൽക്കരണം കുത്തിവച്ച് ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തെ പുതുതലമുറയ്ക്ക് തുടക്കത്തിലേ പരിചയപ്പെടുത്തുന്ന നിലപാടുകൾക്കെതിരെ കരുത്തോടെ നിലപാടു സ്വീകരിച്ചു മുന്നോട്ടു പോകുന്ന കേരളത്തിന്റെ മുഖ്യമന്ത്രി അഭിമാനത്തോടെ തന്നെയാണ് ആ കസേരയിലിരിക്കുന്നത്.

പക്ഷേ, പ്രതിപക്ഷ നേതാവ് ഒന്നു കണ്ണാടിയിൽ നോക്കണം. നിയമം കയ്യിലെടുക്കും, അടിച്ചാൽ തിരിച്ചടിക്കും എന്നെല്ലാം അദ്ദേഹം ഇന്ന് ആവേശത്തോടെ പറഞ്ഞിട്ടുണ്ട്. നല്ല കാര്യം. ഇതുപോലൊരു സമരം നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ എത്തിയതെല്ലാം അദ്ദേഹത്തിന് ആദ്യത്തെ അനുഭവമായിരിക്കും. ഞാനതിനെ കുറച്ചു പറയുന്നതൊന്നുമല്ല. ആ ഒരു ആവേശത്തിൽ പറഞ്ഞതായിരിക്കാം. ബിജെപി ഇതര സർക്കാരുകളെ അസ്ഥിരപ്പെടുത്താനായി ബിജെപി സർക്കാർ നടത്തുന്ന ശ്രമങ്ങൾക്കെതിരെ നിലപാടെടുത്ത കോൺഗ്രസിന്റെ നേതാവായി ഇരിക്കുമ്പോൾത്തന്നെ, ഇവിടെ ബിജെപിയുടെ ബി ടീമായി അവർക്ക് എല്ലാ സൗകര്യവും ചെയ്തുകൊടുക്കുമ്പോൾ നാണമുണ്ടോ പ്രതിക്ഷ നേതാവിന്റെ കസേരയിലിരിക്കാൻ?

വ്യാജ ഐഡി കാർഡ് ഉണ്ടാക്കി ദേശവിരുദ്ധ പ്രവർത്തനം നടത്തുന്ന ഒരു യുവജന സംഘടനയ്ക്ക് അതിനുള്ള സൗകര്യം ചെയ്തുകൊടുത്ത് അക്രമം അഴിച്ചുവിട്ട് ചീമുട്ടയേറും ഷൂസേറും ചാവേർ സമരവ‍ും ബസിന്റെ മുന്നിലുള്ള ആത്മഹത്യാശ്രമ സമരവും നടത്തിക്കാൻ കേരളം ഇന്നുവരെ കാണാത്ത ജനാധിപത്യ വിരുദ്ധ സമീപനം സ്വീകരിക്കുന്ന പ്രതിപക്ഷ നേതാവിനു നാണമുണ്ടോ ആ കസേരയിലിരിക്കാൻ? പ്രതിപക്ഷ നേതാവ് കണ്ണാടിയിൽ നോക്കിയാൽ നാണംകൊണ്ട് തല കുനിക്കും. നാണത്തിന് കയ്യും കാലും ജീവനുമുണ്ടെങ്കിൽ അതു പറയും, ഞാൻ പിന്നിലാണ്. ഇദ്ദേഹം മുന്നിൽ നടക്കട്ടെ. ഞാൻ ‌വ്യക്തിപരമായി പ്രതിപക്ഷ നേതാവിനെ ആക്രമിക്കുകയല്ല. രാഷ്ട്രീയമായി പറയുകയാണ്. അദ്ദേഹം തെറ്റായ നിലപാടുകൾ സ്വീകരിക്കുന്നു. അതിനു മത്സരിക്കുകയാണ് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും’’ – മന്ത്രി റിയാസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe