നാദാപുരം∙ വാണിമേലിൽ മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചതിനു പിന്നാലെ വാണിമേലിൽ 7 പേർക്കും തൂണേരിയിൽ 2 പേർക്കും നരിപ്പറ്റയിൽ ഒരാൾക്കും കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വാണിമേലിൽ നേരത്തേ 7 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ആരോഗ്യ വകുപ്പിന്റെ കർശന നിർദേശത്തെ തുടർന്ന് സ്വകാര്യ ലാബുകളിലെ പരിശോധനാ ഫലം കൂടി ലഭ്യമായിത്തുടങ്ങി. മഞ്ഞപ്പിത്ത ബാധ വ്യാപകമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇനിയും ചില ഫലങ്ങൾ ലഭ്യമാകാനുണ്ട്.ശീതള പാനീയങ്ങളും ഭക്ഷ്യവസ്തുക്കളും കൈകാര്യം ചെയ്യുന്നതു ശുചിത്വം പാലിച്ചു കൊണ്ടാണെന്ന് ഉറപ്പുവരുത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു.
പനിയോ മഞ്ഞപ്പിത്ത ലക്ഷണങ്ങളോ ഉള്ളവർ മറ്റുള്ളവരുമായി ഇടപഴകരുത്. പകർച്ചവ്യാധികൾ യഥാസമയം റിപ്പോർട്ട് ചെയ്യാത്ത സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും എതിരെ നടപടി സ്വീകരിക്കുമെന്നും വാണിമേൽ കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ.സഫർ ഇഖ്ബാൽ അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയരാജിന്റെ നേതൃത്വത്തിൽ ലാബുകളിലും സ്വകാര്യ ആശുപത്രികളിലും പരിശോധന നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.വിജയരാഘവൻ, സി.പി.സതീഷ്, കെ.എം.ചിഞ്ചു എന്നിവരുടെ നേതൃത്വത്തിൽ ബോധവൽക്കരണവും തുടങ്ങി.