നാമനിർദ്ദേശ പത്രികാ സമർപ്പണ സമയപരിധി 21ന് മൂന്ന് മണിവരെ

news image
Nov 20, 2025, 6:54 am GMT+0000 payyolionline.in

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി 21ന് ഉച്ചകഴിഞ്ഞ് 3 മണിക്ക്  അവസാനിക്കും.

പത്രിക സമർപ്പിക്കുന്നയാൾക്ക് സ്വന്തമായോ/ തന്റെ നിർദ്ദേശകൻ വഴിയോ പൊതുനോട്ടീസിൽ നിർദ്ദേശിച്ചിട്ടുള്ള സ്ഥലത്ത് ഫോറം 2- ൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. സ്ഥാനാർത്ഥി ആ തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടറായിരിക്കണം. പത്രിക സമർപ്പിക്കുന്ന തീയതിയിൽ 21 വയസ്സ് പൂർത്തിയായിരിക്കണം. സ്ഥാനാർത്ഥി ബധിര- മൂകനായിരിക്കരുത്. സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യുന്നയാൾ അതേ വാർഡിലെ വോട്ടറായിരിക്കണം.

ഒരു സ്ഥാനാർത്ഥിക്ക് 3 സെറ്റ് പത്രിക സമർപ്പിക്കാം. സംവരണ സീറ്റുകളിൽ മത്സരിക്കുന്നവർ ആ വിഭാഗത്തിൽപ്പെട്ടവരായിരിക്കണം. പട്ടികജാതി, പട്ടികവർഗ്ഗ സംവരണവാർഡുകളിൽ മത്സരിക്കുന്നവർ അധികാരപ്പെട്ട ഉദ്യോഗസ്ഥനിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം. പത്രികയോടൊപ്പം അതത് സ്ഥാനങ്ങളിലേക്ക് നിശ്ചിത തുകയും കെട്ടിവയ്ക്കണം. ഗ്രാമപഞ്ചായത്തിൽ 2000 രൂപയും, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ 4000 രൂപയും കോർപ്പറേഷൻ, ജില്ലാപഞ്ചായത്ത് എന്നിവിടങ്ങളിൽ 5000 രൂപയും ആണ് കെട്ടിവെയ്‌ക്കേണ്ടത്. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് തുകയുടെ പകുതി മതി.

സ്ഥാനാർത്ഥികൾ നാമനിർദ്ദശ പത്രികയോടൊപ്പം കെട്ടിവയ്‌ക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ അടച്ച്, അതിന്റെ രസീത് പത്രികയോടൊപ്പം വരണാധികാരിയ്ക്ക് സമർപ്പിക്കാം. പണം നേരിട്ട് വരണാധികാരിയുടെ പക്കൽ ഏൽപ്പിച്ചും ട്രഷറിയിൽ അടവാക്കിയും  നിക്ഷേപിക്കാം.

സ്ഥാനാർത്ഥിയുടെ വിദ്യാഭ്യാസ യോഗ്യത, പത്രിക സമർപ്പിക്കുന്ന സമയത്ത് സ്ഥാനാർത്ഥി ഉൾപ്പെട്ടിട്ടുള്ള ക്രിമിനൽ കേസുകൾ, സ്ഥാനാർത്ഥിയുടെയും കുടുംബാംഗങ്ങളുടെയും ആസ്തിയും ബാധ്യതയും, സർക്കാരിനോ ഏതെങ്കിലും തദ്ദേശസ്ഥാപനത്തിനോ നൽകാനുള്ള കുടിശ്ശിക, അയോഗ്യതയുണ്ടായിട്ടുണ്ടെങ്കിൽ അക്കാര്യം തുടങ്ങിയ വിവരങ്ങൾ പത്രികയോടൊപ്പം ഫാറം 2A യിൽ സമർപ്പിക്കണം. ഒരാൾക്ക് ഒരു തദ്ദേശസ്ഥാപനത്തിലെ ഒരു വാർഡിൽ മാത്രമേ മത്സരിക്കാൻ പാടുള്ളൂ.  എന്നാൽ ത്രിതല പഞ്ചായത്തുകളിൽ വ്യത്യസ്ത തലങ്ങളിൽ മത്സരിക്കാം.

നാമനിർദ്ദേശ പത്രികയും 2എ ഫാറവും പൂർണ്ണമായി പൂരിപ്പിക്കണം. സ്ഥാനാർത്ഥികൾ വരണാധികാരി മുമ്പാകെയോ അധികാരപ്പെട്ട ഉദ്യോഗസ്ഥർ മുമ്പാകെയോ നിയമപ്രകാരം സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് നിശ്ചിത ഫാറത്തിൽ ഒപ്പുവച്ച് പത്രികയോടൊപ്പം സമർപ്പിക്കണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe