നാരദാ സ്റ്റിങ് ഓപ്പറേഷൻ കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ മാത്യു സാമുവലിനെ വീണ്ടും ചോദ്യം ചെയ്യാൻ സി.ബി.ഐ. ഏപ്രിൽ നാലിന് കൊൽക്കത്തയിലെ ഓഫീസിൽ ഹാജരാകാനാണ് മാത്യു സാമുവലിന് സി.ബി.ഐ സമൻസ് അയച്ചിരിക്കുന്നത്.
ഇതുവരെയുള്ള അന്വേഷണത്തിൽ താൻ തീർത്തും നിരാശനാണ്. ആരോപണവിധേയരായ ആളുകൾ ഭരണകക്ഷിയിലും പ്രതിപക്ഷത്തുമായി സ്വതന്ത്രമായി രാഷ്ട്രീയ പ്രവർത്തനം നടത്തുകയാണ്. ഇത് തന്നെപോലുള്ള വ്യക്തികൾ നടത്തിയ പരിശ്രമങ്ങളുടെ ഫലപ്രാപ്തിയെ ചോദ്യം ചെയ്യുന്ന രീതിയാണെന്നും മാത്യു സാമുവൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്തുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ ഇത്തരം വിളിപ്പിക്കലുകൾ രാഷ്ട്രീയ നാടകം മാത്രമാണ്. ഒരു രാഷ്ട്രീയ നാടകത്തിന്റെയും ഭാഗമാകാൻ തനിക്ക് താല്പര്യമില്ലെന്നും അന്വേഷണ സംഘം കൊൽക്കത്ത ഹൈക്കോടതിയുടെ നിർദേശം തേടണമെന്നും മാത്യു സാമുവൽ പറഞ്ഞു.
ഇപ്പോൾ താൻ ബംഗളൂരുവിൽ ആയതിനാൽ ചെറിയ സമയത്തിനുള്ളിൽ കൊൽക്കത്തയിൽ എത്താൻ കഴിയില്ലെന്നും, സി.ബി.ഐ തന്നെ കൊൽക്കത്തയിലേക്ക് വിളിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ തന്റെ എല്ലാ ചെലവുകളും സി.ബി.ഐ തന്നെ വഹിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2016ലെ പശ്ചിമബംഗാൾ തെരഞ്ഞെടുപ്പിന് മുൻപ് ഒരുകൂട്ടം തൃണമൂൽ കോൺഗ്രസ് നേതാക്കൾ കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സ്റ്റിങ് ഓപറേഷന്റെ ഭാഗമായി ഒളികാമറയിൽ കുടുങ്ങിയ ദൃശ്യങ്ങളായിരുന്നു അത്. അന്നുമുതൽ സി.ബി.ഐ കേസ് അന്വേഷിക്കുന്നുണ്ട്. പലതവണ മാത്യു സാമുവലിനെ ചോദ്യം ചെയ്യുകയും മൊബൈൽ ഫോൺ, ലാപ്ടോപ്പ്, ഹാർഡ്‍ഡിസ്ക് എന്നിവ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.