ഗസ്സ: തെക്കൻ ഗസ്സയിൽ നാല് ആശുപത്രികളും ആംബുലൻസ് ആസ്ഥാനവും ഇസ്രായേൽ അധിനിവേശ സേന വളഞ്ഞു. ഒരാശുപത്രിക്കുള്ളിൽ സായുധസൈനികർ കയറി രോഗികളെയും ജീവനക്കാരെയും ഉപദ്രവിക്കുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാസർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ 400 ഡയാലിസിസ് രോഗികൾ ഉൾപ്പെടെയുള്ളവരുടെ ജീവൻ സൈനികനടപടിമൂലം അപകടാവസ്ഥയിലാണ്. ആശുപത്രിക്ക് ചുറ്റും ഇസ്രായേൽ കനത്ത ബോംബാക്രമണം നടത്തുന്നതിനാൽ ആർക്കും അകത്ത് പ്രവേശിക്കാനോ പുറത്തുകടക്കാനോ കഴിയുന്നില്ലെന്ന് എന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു.
ഖാൻ യൂനിസിനും റഫയ്ക്കും ഇടയിലുള്ള അൽ-ഖൈർ ആശുപത്രിക്കുള്ളിലാണ് തോക്കുധാരികളായ ഇസ്രായേൽ സേന ഇരച്ചുകയറി അക്രമം അഴിച്ചുവിടുന്നത്. നിരവധി രോഗികൾ ചികിത്സയിലുള്ള ഇവിടെ വീടുനഷ്ടപ്പെട്ട ധാരാളം പേർ അഭയാർഥികളായി കഴിയുന്നുണ്ട്. ഖാൻ യൂനിസിലെ അൽ അമാൽ, അൽ-അഖ്സ ആശുപത്രികളും പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ (പി.ആർ.സി.എസ്) ആംബുലൻസ് ആസ്ഥാനവും സൈന്യം വളഞ്ഞിരിക്കുകയാണ്.
അതേസമയം, നാസർ ആശുപത്രിയിൽ നിരവധിപേർ കൊല്ലപ്പെട്ടതായാണ് വിവരം. ഇവിടെ ആശുപത്രി വളപ്പിൽ ജീവനക്കാർ ഖബറുകൾ കുഴിക്കുന്നതായി യു.എൻ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
അതിനിടെ, അഭയാർഥികൾക്കായി യു.എൻ ഒരുക്കിയ ക്യാമ്പിനുനേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. 70 ലേറെ പേർക്ക് പരിക്കേറ്റു. സംഭവത്തെ ഐക്യരാഷ്ട്ര സഭയും അമേരിക്ക അടക്കമുള്ള രാജ്യങ്ങളും അപലപിച്ചു.