തിരുവനന്തപുരം: നാളെ പാകിസ്താനോട് യുദ്ധം ചെയ്യേണ്ടി വന്നാലും എല്ലാ രാഷ്ട്രീയ പാർട്ടികളും കേന്ദ്ര സർക്കാറിനൊപ്പമുണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഭീകരർക്കെതിരായ എല്ലാ തീരുമാനങ്ങളോടും ഇന്ത്യ ഒറ്റക്കെട്ടായി പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാവിയിൽ കശ്മീർ സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് നേരെ പഹൽഗാം ആവർത്തിക്കാൻ പാടില്ല. അക്കാര്യത്തിൽ രാജ്യത്തിന് ഒരു നിലപാടാണെന്നും കെ. മുരളീധരൻ പറഞ്ഞു.
കോൺഗ്രസിനുള്ളിലെ യുദ്ധം ഹൈക്കമാൻഡ് തീർക്കും. പാർട്ടിക്കുള്ളിലേത് യുദ്ധമല്ല, ആശയവിനിമയത്തിന്‍റെ ഭാഗമാണ്. കോൺഗ്രസിനുള്ളിലെ യുദ്ധത്തെ ഇന്ത്യാ രാജ്യത്തെ യുദ്ധവുമായി താരതമ്യം ചെയ്യാൻ പാടില്ല. പാർട്ടി സംഘടനാ പ്രവർത്തനവുമായി മുന്നോട്ടു പോവുകയാണെന്നും മുരളീധരൻ വ്യക്തമാക്കി.
കെ. സുധാകരന്റെ നേതൃത്വത്തിൽ ശക്തിയായി മുന്നോട്ട് പോകുന്നുണ്ട്. അതിൽ മാറ്റം വേണമെങ്കിൽ ഹൈക്കമാൻഡ് അറിയിക്കും. നിലവിലെ ആശയകുഴപ്പം മാറ്റണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്ത് തീരുമാനം വന്നാലും അനുസരിക്കുമെന്നും കെ. മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.