തിരുവനന്തപുരം: കൊല്ലം തേവലക്കരയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തെ സ്കൂളുകളിൽ കെ എസ് യു നാളെ സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് പ്രഖ്യാപിച്ചു. തേവലക്കര ബോയ്സ് സ്കൂളിലേക്ക് കെ എസ് യു ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തുമെന്നും സംസ്ഥാന വ്യാപകമായി മണ്ഡലം കമ്മിറ്റികളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോയ്ഷ്യസ് സേവ്യർ ഇ ടി വി ഭാരതിനോട് പറഞ്ഞു.
സംഭവത്തിൽ സ്കൂൾ അധികൃതർക്കൊപ്പം കെ എസ് ഇ ബിയും വിദ്യാഭ്യാസ വകുപ്പും ഒരു പോലെ കുറ്റക്കാരാണെന്നും അലോയ്ഷ്യസ് സേവ്യർ കുറ്റപ്പെടുത്തി. പരസ്പരം പഴിചാരി രക്ഷപ്പെടാൻ ആരെയും അനുവദിക്കരുത്. നിശ്ചിത ഇടവേളകളിൽ സംസ്ഥാനത്തെ സ്കൂളുകളിൽ സുരക്ഷ പരിശോധന നടത്തണം. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയാറാകണം.
പൊതുവിദ്യാലയങ്ങൾക്ക് സർക്കാർ ആവശ്യമായ പരിഗണന നൽകുന്നില്ലെന്നതിൻ്റെ ഉദാഹരണമായി ഇത്തരം സംഭവങ്ങൾ മാറുകയാണെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. ആദ്യം കൊല്ലം ജില്ലയിൽ മാത്രമായിരുന്നു കെ എസ് യു പഠിപ്പ് മുടക്ക് സമരം പ്രഖ്യാപിച്ചിരുന്നത്. പിന്നാലെ സംസ്ഥാന വ്യാപകമായി സ്കൂളുകളിലേക്ക് പഠിപ്പ് മുടക്ക് പ്രഖ്യാപിക്കുകയായിരുന്നു. എബിവിപിയും നാളെ കൊല്ലം ജില്ലയില്‍ പഠിപ്പുമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.