നികുതി അടച്ചാൽ സ്മാർട് ടിവി; വെറൈറ്റി ട്രിക്കുമായി മലപ്പുറം നഗരസഭ

news image
Jan 7, 2025, 3:39 pm GMT+0000 payyolionline.in

മലപ്പുറം: ഊർജിത നികുതി പിരിവിന് വേണ്ടി ആകർഷകമായ പ്രോത്സാഹന പദ്ധതികൾ പ്രഖ്യാപിച്ച് മലപ്പുറം നഗരസഭ. ഫെബ്രുവരി മാസം 28ന് മുമ്പ് നഗരസഭയിൽ നികുതി അടവാക്കുന്ന നികുതി ദായകരിൽ നിന്ന് വിജയികളെ തിരഞ്ഞെടുത്ത് സ്മാർട് ടിവി, പ്രഷർ കുക്കർ എന്നിവ ഉൾപ്പെടെയുള്ള ഒന്നും, രണ്ടും, മൂന്നും സമ്മാനങ്ങൾ ആണ് വിജയികൾക്ക് നൽകുന്നത്. കൂടാതെ ഏറ്റവും അധികം നികുതി പിരിക്കുന്നതിന് നേതൃത്വം നൽകുന്ന നഗരസഭ കൗൺസിലർക്ക് വാർഷിക പദ്ധതിയുടെ ഭാഗമായി എട്ട് ലക്ഷം രൂപയുടെ പ്രവർത്തികൾ തനത് ഫണ്ടിൽ നിന്നും അധികമായി അനുവദിക്കും. കൂടാതെ 70 ശതമാനത്തിന് മുകളിൽ നികുതി പിരിക്കുന്ന വാർഡിലെ ജനപ്രതിനിധികൾക്ക് മൊമെന്റോ നൽകി ആദരിക്കും.

വാണിജ്യ, താമസ കെട്ടിട നികുതികളും പ്രൊഫഷണൽ നികുതികളുമടക്കം നഗരസഭയ്ക്ക് ലഭിക്കാനുള്ള നികുതി പിരിവ് ഊർജ്ജിതപ്പെടുത്തുന്നതിനാണ് നഗരസഭ ലക്ഷ്യം വെക്കുന്നത്. ഇതിൻ്റെ ഭാഗമായി ജനുവരി 10 മുതൽ 20 വരെ ദിവസങ്ങളിൽ കൂടിയ നികുതി കുടിശ്ശികയുള്ള വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും കുടുംബശ്രീ യൂണിറ്റുകളുടെ സഹായത്തോടെ ഡിമാൻ്റ് നോട്ടീസ് നൽകും. തുടർന്ന് ജനുവരി 25 മുതൽ ഫെബ്രുവരി 10 വരെ വാർഡ് തലങ്ങളിൽ നികുതി പിരിവിനായി പ്രത്യേക സംവിധാനം ഒരുക്കും. ഫെബ്രുവരി മാസം പൊതുഅവധി ദിവസങ്ങളിൽ ഓഫീസിൽ നികുതി സ്വീകരിക്കുന്നതിന് സംവിധാനം ഒരുക്കുവാനും, പ്രൊഫഷണൽ ടാക്സ് പിരിവ് ഊർജ്ജിതപ്പെടുത്തുന്നതിനായി ഓഫീസ്, സ്ഥാപന മേധാവികളുടെ പ്രത്യേക യോഗം വിളിച്ചു ചേർക്കുവാനും കൗൺസിൽ യോഗം തീരുമാനിച്ചു.

പൊതുജനങ്ങൾ നികുതി പിരിവുമായി സഹകരിക്കണമെന്ന് നഗരസഭ കൗൺസിൽ യോഗം അഭ്യർത്ഥിച്ചു. നഗരസഭ ചെയർമാൻ മുജീബ് കാടേരിയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിൽ സ്റ്റാൻഡിം​ഗ് കമ്മിറ്റി ചെയർമാൻമാരായ പി കെ സക്കീർ ഹുസൈൻ, പി കെ അബ്ദുൽ ഹക്കീം, പരി അബ്ദുൽ ഹമീദ്, മറിയുമ്മ ശരീഫ് കോണോത്തൊടി, സിപി ആയിശാബി, പ്രതിപക്ഷ നേതാവ് ഒ സഹദേവൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe