നിഖിൽ തോമസിന്‍റെ എംകോം പ്രവേശനത്തിൽ സിപിഎമ്മും കുരുക്കിൽ; തെളിയുന്നത് ഉന്നത ഇടപെടൽ

news image
Jun 20, 2023, 3:48 pm GMT+0000 payyolionline.in

ആലപ്പുഴ: വ്യാജ ഡിഗ്രി വിവാദത്തിൽ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്‍റെ എംകോം പ്രവേശനത്തിൽ സിപിഎമ്മും കുരുക്കിൽ. പാർട്ടി നേതാവിന്‍റെ ഇടപെടൽ കൊണ്ടാണ് നിഖിലിന് പ്രവേശനം നൽകിയതെന്ന് കായംകുളം എംഎസ്എം കോളേജ് മാനേജർ പറഞ്ഞു. പ്രവേശന സമയപരിധി കേരള സർവ്വകലാശാല നീട്ടിയതും കോളേജ് മാനേജ്മെന്റ് ആവശ്യപ്പെട്ടതും അനുസരിച്ചായിരുന്നു നിഖിലിന് പ്രവേശനം നൽകിയതെന്ന് മുൻ പ്രിൻസിപ്പൽ പറഞ്ഞതോടെ ഉന്നത ഇടപെടൽ കൂടുതൽ തെളിഞ്ഞു.

നേതാവിന്‍റെ പേര് പറഞ്ഞില്ലെങ്കിലും സിപിഎമ്മിനെ ആകെ വെട്ടിലാക്കുന്നു എംഎസ്എം കോളേജ് മാനേജറുടെ ഈ പ്രതികരണം. നിഖിലിൻ്റെ പ്രവേശനത്തിന് കായംകുളത്തെ സിപിഎമ്മിലെ പ്രമുഖ നേതാവ് ഇടപെട്ടെന്ന ആക്ഷേപം തുടക്കം മുതൽ സജീവമാണ്. കേരള സിണ്ടിക്കേറ്റ് അംഗം കൂടിയായ കെഎച്ച് ബാബുജാനാണ് പിന്നിലെന്ന ആരോപണം പ്രതിപക്ഷം നേരത്തെ ഉയർത്തിയിരുന്നു. ബാബുജാനാണോ ശുപാർശ ചെയ്തതെന്ന ചോദ്യത്തിൽ നിന്നും മാനേജർ ഒഴിഞ്ഞുമാറി.
നിഖിലിനെ സംരക്ഷിക്കാൻ ശ്രമിച്ച് വെട്ടിലായ എസ്എഫ്ഐയുടെ നീക്കത്തിൽ സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കൾക്ക് അമർഷമുണ്ട്. എന്നാൽ വ്യാജ ബിരുദസർട്ടിഫിക്കറ്റുള്ള നിഖിലിനായി ശുപാർശ ചെയ്തതത് പാർട്ടി നേതാവാണെന്ന തുറന്ന് പറച്ചിലിൽ പാർട്ടി കടുത്ത സമ്മർദ്ദത്തിലായി. ശുപാർശ ചെയ്ത സിപിഎം നേതാവ് മാത്രമല്ല നിഖിലിൻ്റെ പ്രവേശനത്തിനായി ഇടപെട്ടത്. പ്രവേശനതിയ്യതി കഴിഞ്ഞശേഷം കോളേജിലെത്തിയ നിഖിലിനെ ആദ്യം തിരിച്ചയച്ചെന്ന് എംഎസ്എം കോളേജ് മുൻ പ്രിൻസിപ്പൽ പറയുന്നു. പിന്നീട് സർവ്വകലാശാല തന്നെ പ്രവേശനത്തിനുള്ള തിയ്യതി നീട്ടി, നിഖിൽ വീണ്ടും അപേക്ഷയുമായെത്തി. ഒപ്പം മാനേജ്മെൻ്റും പ്രവേശനത്തിന് ആവശ്യപ്പെട്ടെന്നും മുൻ പ്രിൻസിപ്പൽ ഭദ്രകുമാരി പറഞ്ഞു.

നിഖിലിന് വേണ്ടി എംകോം പ്രവേശനത്തിനുള്ള സമയപരിധി നീട്ടിയത് കേരള സർവ്വകലാശാല ചെയ്ത സൗകര്യങ്ങളിലൊന്ന് മാത്രമാണ്. പരിശോധന കൂടാതെ വേഗത്തിൽ തുല്യതാ സർട്ടിഫിക്കറ്റ് നൽകലും, എംകോം പ്രവേശനത്തിന് ശേഷം കോളേജിൽ നിന്നയച്ച സർട്ടിഫിക്കറ്റുകൾ പരിശോധിക്കാതെ രജിസ്ട്രേഷൻ നൽകലും സൗകര്യങ്ങളായി. സ്വന്തം കോളേജിലെ ബികോം പാസ്സാകാതെ എംകോമിന് പ്രവേശനം നൽകിയ എംഎസ്എംമിൻ്റെ ഭാഗത്തുനിന്നുണ്ടായത് കയ്യയച്ച സഹായം. അങ്ങിനെ പലതട്ടിലെ പലരുടെയും വഴിവീട്ട നീക്കങ്ങളുടെ പരമ്പരകളാണ് നിഖിലിനെ തുണച്ചത്. ചടങ്ങളെല്ലാം മറികടന്ന് നടന്നത് വലിയ ആസൂത്രിത നീക്കമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe