നിഖിൽ തോമസിന്റെ വ്യാജസർട്ടിഫിക്കറ്റ് വിവാദം; പ്രിൻസിപ്പലിനെ മാറ്റി, 6 അധ്യാപകർക്കെതിരേയും നടപടി

news image
Nov 29, 2023, 2:10 pm GMT+0000 payyolionline.in

തിരുവനന്തപുരം: മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ നടപടിയെടുത്ത് കേരള സർവ്വകലാശാല. സംഭവത്തിൽ കായംകുളം എംഎസ്എം കോളേജ് പ്രിൻസിപ്പലിനെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. കൂടാതെ 6 അധ്യാപകർക്കെതിരെ അച്ചടക്ക നടപടിക്കും മാനേജ്മെന്റിന് നിർദേശം നൽകി. നിഖിൽ തോമസിന്റെ പ്രവേശനത്തിൽ കോളേജിനു ഗുരുതര വീഴ്ച്ചയുണ്ടായെന്ന് സർവ്വകലാശാല കണ്ടെത്തുകയായിരുന്നു. രജിസ്ട്രാറുടെ നേതൃത്വത്തിൽ ഉള്ള അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പലിനും അധ്യാപകർക്കുമെതിരെ നടപടിയുണ്ടായത്. വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ പ്രതി നിഖിൽ തോമസിന് ജാമ്യം അനുവദിച്ചിരുന്നു.

 

ഹൈക്കോടതിയാണ് കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. ജൂൺ 23നാണ് നിഖിൽ പിടിയിലാകുന്നത്. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ഒളിവിൽ പോയ നിഖിൽ തോമസിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു. കായംകുളം മാർക്കറ്റ് ബ്രാഞ്ചിൽ അംഗമായിരുന്ന നിഖിലിനെ ജില്ലാ കമ്മിറ്റിയാണ് പുറത്താക്കിയത്. നിഖിൽ തോമസ് കായംകുളം എംഎസ്എം കോളജിൽ എംകോമിനു ചേർന്നത് ബികോം ജയിക്കാതെയെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടികൾ വന്നത്. ഇയാൾ ഹാജരാക്കിയ ഛത്തീസ്ഗഡ് കലിംഗ സർവകലാശാലാ രേഖകൾ വ്യാജമാണെന്നു കേരള സർവകലാശാല വൈസ് ചാൻസലറും കലിംഗ സർവകലാശാല റജിസ്ട്രാറും എംഎസ്എം കോളജ് പ്രിൻസിപ്പലും സ്ഥിരീകരിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe