കോഴിക്കോട് : മുക്കത്ത് സ്വകാര്യ ഹോട്ടല്‍ ജീവനക്കാരിയെ ഹോട്ടലുടമയും കൂട്ടാളികളും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി അതിജീവിത. ഹോട്ടൽ ഉടമ ദേവദാസ് ചികിത്സയിലിരിക്കെയും ഭീഷണി സന്ദേശം അയച്ചെന്നാണ് വെളിപ്പെടുത്തൽ. ‘നിനക്കുളള ആദ്യ ഡോസാണ് ഇത്’ എന്ന് ദേവദാസ് പറഞ്ഞതായും യുവതി പറയുന്നു. താൻ രക്ഷപ്പെടാന്‍ താഴേക്ക് ചാടി പരുക്കേറ്റ് കിടക്കുമ്പോഴും അകത്തേക്ക് വലിച്ചുകൊണ്ടുപോകാനാണ് ദേവദാസ് ശ്രമിച്ചതെന്നും യുവതി പറഞ്ഞു.
‘‘സംഭവദിവസം എന്റെ കൂടെ താമസിക്കുന്നവര്‍ നാട്ടില്‍ പോകുന്ന കാര്യം ദേവദാസിന് അറിയാമായിരുന്നു. രാത്രി ഒറ്റയ്ക്ക് കിടക്കാന്‍ പേടിയുണ്ടെങ്കില്‍ ഹോട്ടലില്‍ താമസിച്ചുകൊള്ളാന്‍ പറഞ്ഞു. എന്നാല്‍, ഭയമുള്ളതിനാല്‍ ഞാന്‍ അതിന് തയാറായില്ല. രാത്രി ഗെയിം കളിക്കുന്ന സമയത്താണ് ദേവദാസും കൂട്ടാളികളും വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. ദേവദാസ് മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു. ദേവദാസുമായുള്ള ഉന്തുംതള്ളിലുമാണ് കൈതട്ടി ഫോണിലെ വിഡിയോ റെക്കോര്‍ഡ് ഓണായത്. അതിക്രമത്തിനിടെ കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടി പരുക്കുപറ്റി കിടന്ന എന്നെ റിയാസ് അകത്തേക്ക് വലിച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചു. ഡോക്ടറുടെ സഹായത്തോടെയാണ് ഫോണ്‍ ദേവദാസില്‍ നിന്നും തിരിച്ചു വാങ്ങിയത്. ’’ – യുവതി പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഹോട്ടലുടമയുടെ പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടി ഹോട്ടല്‍ ജീവനക്കാരിയായ യുവതിക്ക് പരുക്കേറ്റത്. രാത്രി 11 മണിയോടെയാണ് മുക്കത്തെ സങ്കേതം ഹോട്ടലിന്റെ ഉടമ ദേവദാസും കൂട്ടുപ്രതികളായ കോഴിക്കോട് കക്കോടി സ്വദേശി റിയാസ്, മാവൂര്‍ ചൂലൂര്‍ സ്വദേശി സുരേഷ് എന്നിവരും ഹോട്ടലിലെ ജീവനക്കാരിയായ യുവതിയുടെ താമസസ്ഥലത്തെത്തിയത്. തുടര്‍ന്ന് ഇവർ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.