നിപയിൽ ആശ്വാസം; മലപ്പുറത്ത് മരിച്ച സമ്പര്‍ക്ക പട്ടികയിലുള്ള സ്ത്രീയുടെ പരിശോധനാ ഫലം നെഗറ്റീവ്

news image
Jul 9, 2025, 3:50 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍ ഉള്ളതായി മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 177 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 11 പേരാണ് ചികിത്സയിലുള്ളത്. 2 പേര്‍ ഐസിയുവിൽ ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 46 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. അതേസമയം, മലപ്പുറത്ത് മരിച്ച സമ്പര്‍ക്ക പട്ടികയിലുള്ള 78 വയസുകാരിയുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇവരുടെ സംസ്കാര ചടങ്ങുകൾ ആരോ​ഗ്യവകുപ്പ് തടഞ്ഞിരുന്നു.

പാലക്കാട് 3 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. പാലക്കാട് ജില്ലയില്‍ 5 പേരുടെ ഫലം നെഗറ്റീവായി. 2 പേരെ ഡിസ്ചാര്‍ജ് ചെയ്തു. സംസ്ഥാനത്ത് ആകെ 29 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 116 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് ഐസിയുവില്‍ ചികിത്സയിലാണ്. സെപ്റ്റംബര്‍ മാസം വരെ നിപ കലണ്ടര്‍ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പൂനൈ ഐസിഎംആര്‍-ബാറ്റ്സ് ടീം പാലക്കാട് എത്തി സാമ്പിളുകള്‍ ശേഖരിച്ചു. എന്‍സിഡിസി ടീമും എത്തി ചര്‍ച്ച നടത്തി.

മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe