മംഗളൂരു: രക്തത്തിൽ പ്ലേറ്റ്ലറ്റിന്റെ അളവ് നിയന്ത്രിക്കാൻ നൽകുന്ന മരുന്നായ ‘ക്യാംഗ്ലോലോർ’ ഉപയോഗിച്ച് നിപയെ ചെറുക്കാനാകുമെന്ന് മംഗളൂരു യെനപോയ സർവകലാശാലാ ഗവേഷണകേന്ദ്രമായ സയോഡ്സിലെ മലയാളി ഗവേഷകർ.
സെന്റർ ഡയറക്ടർ തിരുവനന്തപുരം സ്വദേശി ഡോ. രാജേഷ് രാജു, കണ്ണൂർ സ്വദേശിയും അസി. പ്രൊഫസറുമായ ഡോ. അഭിതാജ് ജയാനന്ദൻ, ഡേറ്റാ സയന്റിസ്റ്റ് കോട്ടയം സ്വദേശി ലെവിൻ ജോൺ, ബെംഗളൂരുവിലെ ഡേറ്റാ സയന്റിസ്റ്റ് ലിയോണ, പത്തനംതിട്ട സ്വദേശിയായ പിഎച്ച്ഡി വിദ്യാർഥി സോണറ്റ് തോമസ് എന്നിവരടങ്ങുന്ന സംഘമാണ് കണ്ടെത്തൽ നടത്തിയത്. ആർഡിആർപി (ആർഎൻഎ ഡിപ്പൻഡന്റ് ആർഎൻഎ പോളിമറേയ്സ്) എന്ന എൻസൈം ആണ് നിപ വൈറസ് മനുഷ്യശരീരത്തിൽ പെരുകാൻ ഇടയാക്കുന്നത്. ഇതിനെ നിർവീര്യമാക്കാൻ ക്യാംഗ്ലോലോർ എന്ന മരുന്നിന് കഴിയുമെന്നതാണ് ഇവരുടെ കണ്ടുപിടിത്തം. മനുഷ്യരിൽ സുരക്ഷിതമെന്ന് തെളിയിക്കപ്പെട്ട ഒരുമരുന്ന് മറ്റേതെങ്കിലും രോഗത്തിനെതിരെ ഫലപ്രദമായി ഉപയോഗിക്കാനാകുമോയെന്ന് നൂതന സാങ്കേതികവിദ്യകളുപയോഗിച്ച് കണ്ടെത്തുന്ന ‘ഡ്രഗ് റീ പർപ്പസിങ്’ ഗവേഷണരീതിയാണ് ഇതിനായി ഉപയോഗിച്ചത്.
ഗവേഷകരായ സോണറ്റ് തോമസ്, ലിയോണ, ലെവിൻ ജോൺ, ഡോ. അഭിതാജ് ജയാനന്ദൻ, ഡോ. രാജേഷ് രാജു മോളിക്കുലാർ മോഡലിങ് ഉപയോഗിച്ചുള്ള പഠനമായതിനാൽ നിപ രോഗികളിൽ ഇത് എത്രത്തോളം ഗുണംചെയ്യുമെന്നറിയാൻ ഇനിയും ഗവേഷണം നടത്തേണ്ടതുണ്ടെന്ന് കണ്ണൂർ സർവകലാശാലയുടെ ഡോ. ജാനകിയമ്മാൾ കാംപസിലെ മുൻ ഗവേഷകൻ കൂടിയായ ഡോ. അഭിതാജ് ജയാനന്ദൻ പറഞ്ഞു. ‘സ്പിംഗർ നേച്ചറിന്റെ’ അനുബന്ധ ജേണലായ ‘സയന്റിഫിക് റിപ്പോർട്ടിൽ’ മേയ് 12-ന് ഇവരുടെ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുണ്ട്.