മലപ്പുറം : ജില്ലയിൽ പുതുതായി നിപാബാധ സ്ഥിരീകരിക്കാത്ത സാഹചര്യത്തിൽ പ്രാദേശികമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ച് കലക്ടർ ഉത്തരവിറക്കി. മക്കരപ്പറമ്പ് സ്വദേശിനിയായ പതിനെട്ടുകാരി നിപാ ബാധയെ തുടർന്ന് മരിച്ച പശ്ചാത്തലത്തിൽ മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി, മങ്കട, കുറുവ പഞ്ചായത്തുകളിലെ ചില വാർഡുകളിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.
മക്കരപ്പറമ്പിലെ ഒന്നുമുതൽ 13വരെയുള്ള വാർഡുകൾ, കൂട്ടിലങ്ങാടിയിലെ 11, 15 വാർഡുകൾ, മങ്കടയിലെ 14ാം വാർഡ്, കുറുവയിലെ രണ്ട്, മൂന്ന്, അഞ്ച്, ആറ് വാർഡുകൾ എന്നിവയാണ് കണ്ടെയ്ൻമെന്റ് സോണുകളാക്കിയത്. ഈ വാർഡുകളിലെയും ജില്ലയിലെയും നിയന്ത്രണങ്ങൾ പൂർണമായും ഒഴിവാക്കിയാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺകൂടിയായ കലക്ടർ വി ആർ വിനോദ് വ്യാഴാഴ്ച ഉത്തരവിറക്കിയത്.