കോഴിക്കോട്: ജില്ലയിൽ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ ആരോഗ്യ ജാഗ്രത പ്രാഖ്യാപിച്ചതായി മന്ത്രി വീണാ ജോർജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് 16 കോർ കമ്മിറ്റികൾ രൂപീകരിച്ചു. ജില്ലാ കൺട്രോൾ റൂം ആരംഭിച്ചു. നിലവിൽ 168 പേരുടെ സമ്പർക്ക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ 158 പേരും ആദ്യം മരിച്ച ആളുടെ സമ്പർക്കമാണ്. 127 പേർ ആരോഗ്യ പ്രവർത്തകരാണ്. 31 പേർ വീടിനും പരിസരത്തുമുള്ളവരാണ്. രണ്ടാമത് മരിച്ച ആളുടെ നൂറു പേരുടെ സമ്പർക്ക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ പത്തു പേരെ മാത്രമാണ് കണ്ടെത്താനായത്. മറ്റുള്ളവരെ ബുധനാഴ്ചയോടെ കണ്ടെത്തും.
മരുതോങ്കരയിലും ആയഞ്ചേരിയിലുമായി രണ്ട് എപ്പിക് സെന്ററുകൾ കണ്ടെത്തി. മരിച്ചവർ ചികിത്സ തേടിയ ആശുപത്രി, അവർ സഞ്ചരിച്ച വാഹനങ്ങൾ, പോയ പൊതു ഇടങ്ങൾ എന്നിവ കണ്ടെത്തും. അടുത്ത സമ്പർക്കം പുലർത്തിയവരെ നിരീക്ഷണത്തിലേക്ക് മാറ്റും. ഇവരെ കണ്ടെത്താൻ പൊലീസിന്റെ സഹായം തേടും. രോഗ ലക്ഷണങ്ങൾ അധികമുള്ളവരെ മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റും. ലക്ഷണങ്ങളില്ലാത്തവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയും. ആവശ്യമെങ്കിൽ മറ്റു ജില്ലകളിൽ നിന്നും ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും കോഴിക്കോട് എത്തിക്കും.
എല്ലാ ആശുപത്രികളിലും പകർച്ചവ്യാധി നിയന്ത്രണ പ്രകാരമുള്ള പ്രോട്ടോക്കോൾ മുൻകരുതലുകൾ പ്രാബല്യത്തിൽ വന്നു. പൊതുജനങ്ങൾ അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണം. ജില്ലയിൽ മാസ്ക് ഉപയോഗിക്കുന്നത് നിര്ബന്ധമാക്കിയതായും മന്ത്രി പറഞ്ഞു. വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും മന്ത്രി നിർദേശിച്ചു.