കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ ഫലം നെഗറ്റീവെന്ന് പരിശോധനയിൽ കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളജിലെ വി ആർ ഡി എൽ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധന ഫലം നെഗറ്റീവ് ആയതിനാൽ ഇവരുടെ സാംപിളുകൾ പുണെയിലേക്ക് അയക്കില്ല. നിപ ലക്ഷണങ്ങളോടെ ചികിത്സ തേടിയ മൂന്ന് പേരുടെ സാംപിളുകളാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധിച്ചത്.
നിപ സ്ഥീരീകരിച്ച സാഹചര്യത്തില്‍ മൂന്ന് കേന്ദ്ര സംഘങ്ങള്‍ ഇന്ന് ജില്ലയിൽ എത്തും. പൂണെ വൈറോളജി ഇന്സ്റ്റിട്യൂറ്റിൽ നിന്നുള്ള മൊബൈൽ പരിശോധനാ സംഘവും ഐസിഎംഅറിൽ നിന്നുള്ള സംഘവും കോഴിക്കോട് എത്തും. പകർച്ചവ്യാധി പ്രതിരോധ വിദഗ്ദ്ധരടങ്ങുന്നതാണ് കോഴിക്കോട് എത്തുന്ന മൂന്നാമത്തെ സംഘം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ഇവർ യോജിച്ച് പ്രവർത്തിക്കും.
അതിനിടെ കോഴിക്കോട് ഏഴ് പഞ്ചായത്തുകളിലെ 43 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കിയിട്ടുണ്ട്. ആയഞ്ചേരി പഞ്ചായത്തിലെ 1,2,3,4,5,12,13,14,15 വാർഡുകൾ, മരുതോങ്കര പഞ്ചായത്തിലെ 1,2,3,4,5,12,13,14 വാർഡുകൾ, തിരുവള്ളൂർ പഞ്ചായത്തിലെ 1,2,20 വാർഡുകൾ, കുറ്റ്യാടി പഞ്ചായത്തിലെ 3,4,5,6,7,8,9,10 വാർഡുകൾ, കായക്കൊടി പഞ്ചായത്തിലെ 5,6,7,8,9 വാർഡുകൾ, വില്യാപ്പള്ളി പഞ്ചായത്തിലെ 6,7 വാർഡുകൾ, കാവിലുംപാറ പഞ്ചായത്തിലെ 2,10,11,12,13,14,15,16 വാർഡുകളുമാണ് കണ്ടെയ്ൻമെന്റ് സോണുകളാക്കിയത്.
കണ്ടെയ്ൻമെന്റ് സോണിലെ നിയന്ത്രണങ്ങൾ
- ഇവിടെ നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര അനുവദിക്കില്ല
- അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറക്കും
- കടകൾ രാവിലെ 7 മുതൽ വൈകീട്ട് അഞ്ച് വരെ മാത്രമേ പ്രവർത്തിക്കൂ
- മരുന്ന് കടകൾക്കും ആരോഗ്യ കേന്ദ്രങ്ങൾക്കും സമയ നിയന്ത്രണമില്ല
- തദ്ദേശ സ്ഥാപനങ്ങളും വില്ലേജ് ഓഫീസുകളും മിനിമം ജീവനക്കാർ മാത്രം
- സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ ബാങ്കുകൾ, സ്കൂളുകൾ, അങ്കണവാടികൾ എന്നിവ തുറക്കില്ല
- തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ് ഓഫീസുകളിലും പരമാവധി ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കണം
- പൊതുപ്രവേശന റോഡുകളിലൂടെ വാഹന ഗതാഗതം നിരോധിക്കും. ബസ് സർവീസുകളും ഈ വാർഡുകളിൽ വാഹനം നിർത്തരുത്
- സാമൂഹിക അകലം പാലിക്കണം, മാസ്കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കണം