ന്യൂഡൽഹി: നിയന്ത്രണരേഖക്ക് സമീപം പട്രോളിങ് നടത്തുന്നതിന് ഇന്ത്യയും ചൈനയും തമ്മിൽ കരാറിലെത്തി. കിഴക്കൻ ലഡാക്കിൽ പട്രോളിങ് നടത്തുന്നത് സംബന്ധിച്ചാണ് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയത്. ഇരു രാജ്യങ്ങളുടേയും ഔദ്യോഗിക പ്രതിനിധികൾ തമ്മിൽ നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനമായത്.
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്റിയാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് ചൈനയുമായി കരാറിലെത്തിയതായി അദ്ദേഹം പറഞ്ഞു. ആഴ്ചകളായി നടന്ന ചർച്ചകൾക്കൊടുവിലാണ് ഇക്കാര്യത്തിൽ ധാരണയിലെത്തിയത്. 2020ൽ പ്രദേശത്ത് ഉടലെടുത്ത പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കരാർ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതിർത്തിയിൽ നിലനിൽക്കുന്ന മറ്റ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2020ൽ ഗാൽവാനിലുണ്ടായ സംഘർഷത്തിന് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം സാധാരണനിലയിൽ ആയിരുന്നില്ല. സംഘർഷത്തിൽ 20ഓളം ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു.
ബ്രിക്സ് സമ്മേളനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെ കസാൻ സന്ദർശിക്കാനിരിക്കെയാണ് ഇക്കാര്യത്തിൽ ധാരണയായിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിങ് പിങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്.