നിയന്ത്രണ വിധേയമാകാതെ ലോസാഞ്ചലസിലെ കാട്ടുതീ; 16 മരണം

news image
Jan 12, 2025, 5:20 pm GMT+0000 payyolionline.in

ലോസാഞ്ചലസ്: അമേരിക്കയിലെ ലോസാഞ്ചലസിൽ അസാധാരണമായി പടർന്നുപിടിച്ച കാട്ടുതീ ദിവസങ്ങൾ പിന്നിട്ടിട്ടും അണയ്ക്കാനായില്ല. ഇതിനിടെ കാറ്റ് കൂടി മേഖലയിൽ ശക്തമായതോടെ തീ ടൊർണാഡോയ്ക്ക് സമാനമായ കാഴ്ചയാണ് മേഖലയിൽ നിന്ന് രക്ഷാപ്രവർത്തകർ പങ്കുവയ്ക്കുന്നത്. ഇതിനോടകം 12000 കെട്ടിടങ്ങൾ ചാമ്പലാക്കിയ കാട്ടുതീയിൽ 16 പേർ മരിച്ചതായാണ് ലഭ്യമാകുന്ന വിവരം. തീ അണയ്ക്കാനായി ശ്രമിക്കുന്ന ഉദ്യോഗസ്ഥർ പുറത്ത് വിട്ട ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

22000 ഏക്കറിലധികം സ്ഥലമാണ് കത്തിനശിച്ചിരിക്കുന്നത്. കനത്ത കാറ്റിൽ തീ ടൊർണാഡോ പോലെ ഉയർന്ന് പൊന്തുന്ന വീഡിയോയാണ് വൈറലായിട്ടുള്ളത്. ചൂടുപിടിച്ച കാറ്റിൽ അഗ്നി പടർന്ന് പൊന്തുന്നത്  വീഡിയോയിൽ വ്യക്തമാവുന്നത്. പതിമൂന്നോളം പേരെ ഇനിയും മേഖലയിൽ കാണാതായിട്ടുണ്ട്. കെഡാവർ നായകളെ ഉപയോഗിച്ചാണ് ചാരക്കൂനയിൽ തിരച്ചിലുകൾ പുരോഗമിക്കുന്നത്. ചിലമേഖലയിൽ വീശിയടിച്ച കാറ്റിനൊപ്പം മണിക്കൂറിൽ നൂറ് മൈൽ വേഗതയിലാണ് തീ പടർന്നത്.

തീ നിയന്ത്രിക്കാനാവാതെ വന്നതിന് പിന്നാലെ 153000 പേരെയാണ് നിർബന്ധിതമായി മേഖലയിൽ നിന്ന് ഒഴിപ്പിച്ചിട്ടുള്ളത്. 166000 പേർക്ക് ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ടെന്നാണ് അധികൃതർ ഇതിനോടകം വിശദമാക്കിയിട്ടുള്ളത്. ജനുവരി ഏഴിനാണ് കാട്ടുതീ ലോസാഞ്ചലസിൽ പടർന്ന് പിടിച്ചത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാശം വിതച്ചാണ് ലോസാഞ്ചലസ് കാട്ടുതീ മുന്നോട്ട് നീങ്ങുന്നത്. ദുരന്ത മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിച്ച മേഖലയിൽ കൊള്ളയടി തുടരുന്നതും പൊലീസിന് തലവേദനയായിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe