ചാവക്കാട്: സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമങ്ങൾ ലംഘിച്ച് ചെറുമത്സ്യങ്ങൾ പിടിക്കുന്നത് തുടരുന്നു. അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ നിയമവിരുദ്ധ മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പിടികൂടി. മുനക്കകടവ് ചെറുവത്തൂർവീട്ടിൽ ബാബുവിന്റെ ഉടമസ്ഥതയിലുള്ള ‘സീസ്റ്റർ’ബോട്ടാണ് പിടിച്ചെടുത്തത്. 16 സെന്റീമീറ്ററിൽ താഴെയുള്ള 5000 കിലോ കോര മത്സ്യമാണ് ബോട്ടിലുണ്ടായിരുന്നത്.
അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ കെ.പി. ഗ്രേസിയുടെ നിർദേശാനുസരണം നടത്തിയ പ്രത്യേക കോമ്പിങ് ഓപറേഷന്റെ ഭാഗമായാണ് ബോട്ട് പിടിച്ചെടുത്തത്. 98000 രൂപ പിഴ ഈടാക്കി. പിടിച്ചെടുത്ത ചെറുമത്സ്യങ്ങളെ പുറംകടലിൽ ഒഴുക്കിക്കളഞ്ഞു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ രേഷ്മ നായർ, മെക്കാനിക്ക് കൃഷ്ണകുമാർ, മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിങ് ഓഫിസർമാരായ വി.എൻ. പ്രശാന്ത് കുമാർ, ഇ.ആർ. ഷിനിൽകുമാർ, വി.എം. ഷൈബു, സീ റെസ്ക്യൂ ഗാർഡുമാരായ ശ്രേയസ്, വിപിൻ, സലിം, ഡ്രൈവർ അഷറഫ് എന്നിവരാണ് പ്രത്യേക പട്രോളിങ് സംഘത്തിൽ ഉണ്ടായിരുന്നത്. അശാസ്ത്രീയ മത്സ്യബന്ധന രീതി അവലംബിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. സി. സീമ അറിയിച്ചു.