നിയമസഭയിൽ ഇനി നടക്കാൻ പോകുന്നത് ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ, റെക്കോർഡ് ഭൂരിപക്ഷം ഉറപ്പ്: തിരുവഞ്ചൂർ

news image
Sep 8, 2023, 2:36 am GMT+0000 payyolionline.in

കോട്ടയം :പുതുപ്പള്ളിയിൽ പ്രതീക്ഷയോടെ കോൺഗ്രസ് നേതാക്കൾ. പുതുപ്പള്ളി ചാണ്ടി ഉമ്മന് റെക്കോർഡ് ഭൂരിപക്ഷം നൽകുമെന്ന പ്രതീക്ഷ തിരുവഞ്ചൂർ രാധാകൃഷ്ണൻ പങ്കുവെച്ചു. വരുന്ന 11 ന് കേരള നിയമസഭയിൽ നടക്കാൻ പോകുന്നത് ചാണ്ടി ഉമ്മൻറെ സത്യപ്രതിജ്ഞയാകും. പോളിംഗ് ദിനത്തിൽ കണ്ട സ്ത്രീകൾ ഉൾപ്പെടെയുള്ള വോട്ടർമാരുടെ ഒഴുക്ക് സർക്കാർ വിരുദ്ധ വികാരത്തിന്റെ പ്രതിഫലനമെന്നും തിരുവഞ്ചൂർ പറഞ്ഞു.

 

പുതുപ്പള്ളിയുടെ പുതിയ നിയമസഭാ പ്രതിനിധി ആരാകുമെന്ന് ഇനി മണിക്കൂറുകൾക്കുള്ളിലറിയാം.  എട്ടേ കാലോടെ തന്നെ ട്രെൻഡ് അറിയാൻ കഴിയും. ആകെ 20 മേശകളാണ് കൗണ്ടിംഗിനായി തയ്യാറാക്കിയിരിക്കുന്നത്. 14 മേശകളിൽ വോട്ടിംഗ് യന്ത്രങ്ങളും 5 മേശകളിൽ അസന്നിഹിത വോട്ടുകളും ഒരു ടേബിളിൽ സർവീസ് വോട്ടുകളും എണ്ണും.

എക്സിറ്റ് പോളുകളടക്കം പുറത്ത് വന്നതോടെ വൻ വിജയ പ്രതീക്ഷയിലാണ് യുഡിഎഫ്.  മുമ്പെങ്ങുമില്ലാത്ത ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികൾ. എന്നാൽ ചിട്ടയായ സംഘടനാ സംവിധാനത്തിൽ നടന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലാണ് ഇടത് പ്രതീക്ഷ. പുതുപ്പള്ളി ഇത്തവണ  മാറി ചിന്തിക്കുമെന്നും ജെയ്ക്കിനെ വിജയിപ്പിക്കുമെന്നുമാണ് ഇടത് ക്യാമ്പ് കണക്കുകൂട്ടുന്നത്. എന്നാൽ ബിജെപി വോട്ട് മറിച്ചുവെന്ന ആരോപണവും സിപിഎം ഉയർത്തിയിരുന്നു. അതേ സമയം, പുതുപ്പള്ളിയില്‍ ഇക്കുറി നല്ല മത്സരം കാഴ്ചവച്ചെന്നാണ് ബിജെപി അവകാശവാദം. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ 11,694 വോട്ടാണ് ബിജെപിക്ക് ലഭിച്ചിരുന്നത്. ഇത്തവണ നിലമെച്ചപ്പെടുത്തുമെന്നാണ് ബിജെപി പ്രതീക്ഷ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe