തിരുവനന്തപുരം: നിയമസഭാ കക്ഷി നേതാവ് സംബന്ധിച്ച് സംസ്ഥാന ബിജെപിയിൽ തർക്കം. കഴക്കൂട്ടത്ത് നിന്നും വിജയിച്ച വി മുരളീധരൻ നേതൃസ്ഥാനം ആവശ്യപ്പെട്ടതോടെയാണ് തർക്കം ഉടലെടുത്തത്. സ്ഥാനം വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയായ രാജീവ് ചന്ദ്രശേഖർ.
പരിചയ സമ്പത്ത് ഉയർത്തിക്കാട്ടിയാണ് വി മുരളീധരനായി ഒരു വിഭാഗം വാദിക്കുന്നത്. വി മുരളീധരൻ നിയമസഭാ കക്ഷി നേതാവ് ആകും എന്നായിരുന്നു നേരത്തെ പുറത്ത് വന്നത്. അങ്ങനെയാവുമ്പോൾ പാർട്ടിയിൽ രണ്ട് അധികാര കേന്ദ്രം രൂപപ്പെടുമെന്ന വാദമാണ് ഓദ്യോഗിക പക്ഷം ഉയർത്തുന്നത്. ഒടുക്കം തീരുമാനം കേന്ദ്രത്തിന് വിട്ടിരിക്കുകയാണ്. നിയമസഭയിൽ മൂന്ന് എംഎൽഎമാരാണ് ബിജെപിക്കുള്ളത്.
തെരഞ്ഞെടുപ്പ് ഫലം വന്നശേഷമുള്ള ബിജെപി കോർ കമ്മിറ്റിയിൽ ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനുമെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം മണ്ഡലം ശ്രദ്ധിച്ചാൽ പോരെന്നായിരുന്നു ഇരു നേതാക്കളോടും അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നിർദേശിച്ചത്. മണ്ഡലങ്ങൾ മാറി മാറി മത്സരിക്കുന്നത് തിരിച്ചടിയായെന്നും മണ്ഡലം ശ്രദ്ധിച്ചവർ വിജയിച്ചെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. എന്നാൽ ഒദ്യോഗിക പക്ഷത്തിനെതിരെ കെ സുരേന്ദ്രനും വി മുരളീധരനും രംഗത്തെത്തി. സ്ഥാനാർഥി നിർണയം ഉൾപ്പടെ ഏകപക്ഷീയമായി നടത്തിയെന്നായിരുന്നു വിമർശനം.
