തിരുവനന്തപുരം ∙ നിയമസഭയുടെ അടുത്ത സമ്മേളനം ഓഗസ്റ്റ് ആദ്യവാരം ചേർന്നേക്കും. അടുത്ത സമ്മേളനം ചേരുന്നതിന് സെപ്റ്റംബർ വരെ സമയമുണ്ടെങ്കിലും ഓണത്തിനു മുൻപേ ചേരുന്നതാണ് സൗകര്യമെന്ന നിലപാടിലാണ് സർക്കാർ. ആശുപത്രി സംരക്ഷണ നിയമം അടക്കമുള്ളവ രണ്ടാഴ്ചത്തേക്കു മാത്രം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ പാസാക്കും. നിയമ നിർമാണം മാത്രമാണ് സമ്മേളനത്തിന്റെ ലക്ഷ്യം.
2 സമ്മേളനങ്ങൾക്കിടയിൽ 6 മാസത്തെ ഇടവേളയെ പാടുള്ളൂ. മാർച്ചിൽ സമ്മേളനം നടന്നതിനാൽ ഇനി സെപ്റ്റംബറിലാണ് സഭ ചേരേണ്ടത്. സെപ്റ്റംബറിൽ സമ്മേളനം നടത്തണമെങ്കിൽ ഓഗസ്റ്റിൽ ഓണത്തോടനുബന്ധിച്ച് ഒട്ടേറെ തയാറെടുപ്പുകൾ ജീവനക്കാർക്കു നടത്തേണ്ടി വരും. ഇത് ഒഴിവാക്കാനാണ് ഓണത്തിനു മുൻപു സഭ ചേരാൻ ആലോചിക്കുന്നത്.