തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ സ്തംഭനം തുടരുന്ന സാഹചര്യത്തിൽ നിയമസഭ സമ്മേളനം വ്യാഴാഴ്ചയോടെ അവസാനിപ്പിക്കാൻ നീക്കം. വെള്ളിയാഴ്ച അവസാനിക്കേണ്ട സമ്മേളനമാണ് ഒരു ദിവസം നേരത്തേ അവസാനിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നത്.
വെള്ളിയാഴ്ച പാസാക്കാൻ നിശ്ചയിച്ചിരുന്ന ആറ് ബില്ലുകളുൾപ്പെടെ വ്യാഴാഴ്ച പരിഗണിച്ച് സമ്മേളനം ഗില്ലറ്റിൻ ചെയ്ത് പിരിയാനാണ് സാധ്യത. ഡൽഹിയിൽ പോയതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്ച സഭയിലുണ്ടാകില്ല.
പ്രതിപക്ഷം ഉയർത്തിയ പ്രതിഷേധം സർക്കാറിനെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിൽകൂടിയാണ് സമ്മേളനം നേരത്തേ പിരിയാൻ ആലോചിക്കുന്നത്. വ്യാഴാഴ്ചയും ചോദ്യോത്തര വേള മുതൽ പ്രതിഷേധം തുടങ്ങാനാണ് പ്രതിപക്ഷ തീരുമാനം.