റാന്നി: ബാങ്ക് അക്കൗണ്ട് നിയമ വിരുദ്ധമായി മരവിപ്പിച്ച എസ്.ബി.ഐ ബാങ്ക് മാനേജർ 30,000 രൂപ നഷ്ടപരിഹാരം നൽകാന് വിധി. അയിരൂർ വില്ലേജിൽ തടിയൂർ തുഷാരം വീട്ടിൽ ആർ. അനിൽ കുമാർ എസ്.ബി.ഐ കോഴഞ്ചേരി ബ്രാഞ്ച് മാനേജർക്കെതിരെയും എസ്.ബി.ഐ കോന്നി ബ്രാഞ്ച് മാനേജർക്കെതിരെയും പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമീഷനിൽ ഫയൽ ചെയ്ത ഹരജിയിലാണ് വിധി.
എസ്.ബി.ഐ കോഴഞ്ചേരി ശാഖയിലെ അക്കൗണ്ട് ഹോൾഡറായ അനില്‍കുമാറിന് 18.11.2023ൽ 50,000 രൂപ അക്കൗണ്ടിൽ നിന്ന് പിൻവലിക്കാൻ പറ്റാതെ വരികയും തുടർന്ന് മകളുടെ വിദ്യാഭ്യാസ ലോൺ അടയ്ക്കുന്നതിന് വേണ്ടി എസ്.ബി.ഐ കോന്നി ശാഖയിലേക്ക് അയച്ച 20,000 രൂപ ബാങ്ക് മരവിപ്പിച്ചതുമാണ് പരാതിക്ക് അടിസ്ഥാനം. ഇതിന്റെ കാരണം ചോദിച്ചപ്പോൾ കർണാടകയിലെ കോളാർ ടൗൺ പൊലീസ് എസ്.എച്ച്.ഒയുടെ നിർദ്ദേശം അനുസരിച്ചാണ് അക്കൗണ്ടുകൾ മരവിപ്പിച്ചത് എന്നാണ് അറിയിച്ചത്.
ഒരു ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് അക്കൗണ്ടുകൾ മരവിപ്പിച്ചതെന്നാണ് കൂടുതൽ അന്വേഷണത്തിൽ മനസ്സിലായത്. എന്നാൽ അനിൽകുമാറിന് ഈ കേസുമായി ഒരു ബന്ധവുമില്ല. 08.08.2023ൽ ഓൺലൈൻ പർച്ചേസുമായി ബന്ധപ്പെട്ട് 19,000 രൂപ നഷ്ടപ്പെട്ട വിവരം ടോൾ ഫ്രീ നമ്പരായ 1930ൽ വിളിച്ചുപറഞ്ഞിരുന്നു. എന്നാൽ നാളിതുവരെയായി നഷ്ടപ്പെട്ട 19,000 രൂപ അനിൽകുമാറിന് കിട്ടിയിട്ടില്ല. ബാങ്കിലുണ്ടായിരുന്ന തുക കുടി ബാങ്കുകാർ മരവിപ്പിച്ച സാഹചര്യമാണുണ്ടായിരിക്കുന്നത്. ഈ നടപടിക്കെതിരെയാണ് അനിൽകുമാർ കമീഷനെ സമീപിച്ചത്.
എതിർകക്ഷികളായ രണ്ട് ബാങ്ക് മാനേജർമാരും കമീഷനിൽ ഹാജരാകുകയും എതിർകക്ഷിയുടെ ആവശ്യപ്രകാരം കോളാർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയെ കൂടി പ്രതിയാക്കുകയും ചെയ്തു. എന്നാൽ നോട്ടീസ് കൈപ്പറ്റിയിട്ടും എസ്.എച്ച്. ഒ കമീഷനിൽ തെളിവുകൾ ഹാജരാക്കിയില്ല. ഇരു കൂട്ടരെയും വിസ്തരിച്ച കമീഷന് മനസ്സിലായത് നിയമ പ്രകാരമുളള വ്യവസ്ഥകൾ പാലിക്കാതെയാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നാണ്. ഒരു അക്കൗണ്ട് മരവിപ്പിക്കണമെങ്കിൽ സി.ആര്.പി.സി സെക്ഷന്‍ 102 പ്രകാരം അധികാര പരിധിയിൽ വരുന്ന മജിസ്ട്രേറ്റിനെ അറിയിക്കണമെന്നാണ് വ്യവസ്ഥ.
കേരള ഹൈകോടതി ഇതുവ്യക്തമാക്കിയിട്ടുളളതാണ്. ബാങ്കുകൾ നിയമവിരുദ്ധമായിട്ടാണ് ഹരജികക്ഷിയുടെ അക്കൗണ്ട് മരവിപ്പിച്ചതെന്ന് കമീഷൻ വിലയിരുത്തി. അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിക്കാനും നഷ്ടപരിഹാരമായി 20,000 രൂപയും കോടതി ചെലവിനായി 10,000 രൂപയും ചേർത്ത് ആകെ 30,000 രൂപ അനില്‍കുമാറിന് ബാങ്ക് കൊടുക്കണമെന്ന് കമീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും നിഷാദ് തങ്കപ്പനും ചേർന്ന് വിധി പ്രസ്താവിക്കുകയായിരുന്നു.