കർണാടക: നിയമ വിരുദ്ധ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചതിൽ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾക്ക് അയച്ച 426 നോട്ടീസുകളുടെ വിവരം കർണാടക ഹൈകോടതിക്ക് മുന്നിൽ സമർപ്പിച്ച് കേന്ദ്രം. 2024 മാർച്ച് 20 മുതൽ കഴിഞ്ഞ മാർച്ച് വരെയുള്ള ഒരു വർഷകാലയളവിൽ 110,718 ലിങ്കുകൾ, അക്കൗണ്ടുകൾ, ഗ്രൂപ്പുകൾ എന്നിവയ്ക്കാണ് ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ സെക്ഷൻ 79(3) പ്രകാരം ആണ് നോട്ടീസുകൾ അയച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ടിലുള്ളത്.
ഹൈകോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ സെക്ഷൻ 79(3)(ബി) ഒരു ബ്ലോക്കിങ് പ്രൊവിഷൻ അല്ലെന്നും നിയമ വിരുദ്ധ ഉള്ളടക്കം കൈകാര്യം ചെയ്യുന്നവർക്ക് മുന്നറിയിപ്പ് നൽകുന്നതിനുള്ള സംവിധാനം മാത്രമാണെന്നും വാദിച്ചു. വാട്സാപ്പിനാണ് ഏറ്റവും കൂടുതൽ നോട്ടീസുകൾ ലഭിച്ചത്. 83,673 അക്കൗണ്ടുകൾക്കായി 78 നോട്ടീസുകളാണ് ലഭിച്ചത്. അവയിൽ 75 ശതമാനം അക്കൗണ്ടുകളും കൈകാര്യം ചെയ്തിരുന്നത് ട്രേഡിങ് തട്ടിപ്പ്, ആൾമാറാട്ടം, കുറ്റകരമായ ഉള്ളടക്കം എന്നിവയാണ്.
ഡീപ് ഫേക്ക്, നിക്ഷേപ തട്ടിപ്പ്, അശ്ലീല ഉള്ളടക്കം എന്നിവ കൈകാര്യം ചെയ്ത 22,150 ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്കും യു.ആർ.എൽ കൾക്കും 73 നോട്ടീസുകൾ ലഭിച്ചു. എന്നാൽ ഫേസ്ബുക്കിന് 57 നോട്ടീസുകൾ മാത്രമാണ് ലഭിച്ചത്. തെരഞ്ഞെടുപ്പ് കൃത്രിമം, വ്യാജ പ്രചരണം എന്നിവയ്ക്കാണ് 816 ഫേസ് ബുക്ക് യു.ആർ.എൽകൾക്കെതിരെ കേസെടുത്തത്.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റിൻറെ സ്കൈപ്പ് സർവീസിനും നോട്ടീസ് ലഭിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമമായ എക്സിനും 66 നോട്ടീസ് ലഭിച്ചു. അവയിൽ 36 നോട്ടീസുകളും ലഭിച്ചത് 2024 പൊതു തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി, അമിത് ഷാ എന്നിവർക്കെതിരെയുള്ള ഉള്ളടക്കം പ്രചരിപ്പിച്ച കോൺഗ്രസ്, എ.എ.പി അക്കൗണ്ടുകൾക്കാണ്.
എക്സിലെയും ഫേസ്ബുക്കിലെയും രാഷ്ട്രീയ ഉള്ളടക്കങ്ങൾക്ക് കൂടുതൽ ശ്രദ്ധ ലഭിച്ചപ്പോൾ, ടെലിഗ്രാമിലെയും മറ്റു ചെറിയ പ്ലാറ്റ്ഫോമുകളിലെയും കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങളാണ് നിരീക്ഷണത്തിന് വിധേയമായത്.
സംവരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ,തെറ്റായ വിവരം പ്രചരിപ്പിക്കൽ എന്നിവയ്ക്ക് യൂടൂബിനും 23 നോട്ടീസുകൾ ലഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഐ.ടി ആക്ടിലെ സെക്ഷൻ 69 ൽപ്പെടാത്ത കുറ്റകൃത്യങ്ങൾ എത്രത്തോളമുണ്ടെന്ന് കാണിക്കാനാണ് കേന്ദ്രം റിപ്പോർട്ട് അവതരിപ്പിച്ചത്.