നിരവധിയാളുകളിൽ നിന്ന് നിക്ഷേപം; ബോബി ചെമ്മണ്ണൂർ സംശയത്തിന്റെ നിഴലിൽ, ഇഡി അന്വേഷണം തുടങ്ങി

news image
Jul 12, 2024, 10:04 am GMT+0000 payyolionline.in
കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ എൻഫോഴ്സ്മെന്‍റ് ഡറക്ടറേറ്റ് പ്രാഥമികാന്വേഷണം തുടങ്ങി. നിക്ഷേപമായി നിരവധിയാളുകളിൽ നിന്ന് പണം സ്വീകരിക്കുന്നതും ഇത് ബിസിനസ് ആവശ്യങ്ങൾക്കടക്കം ഉപയോഗിക്കുന്നതുമാണ് പരിശോധിക്കുന്നത്. നിക്ഷേപം സ്വീകരിക്കുന്നതിലും തുടർന്ന് മറ്റ് ബിസിനസുകളിലേക്ക് വക മാറ്റുന്നതിലും കളളപ്പണ ഇടപാടുണ്ടോയെന്നാണ് അന്വേഷണ പരിധിയിൽ ഉളളത്. നിലവിൽ കേസ് എടുത്തിട്ടില്ലെന്നും പ്രാഥമിക പരിശോധനയാണ് തുടരുന്ന‌തെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു.

ബോബി ചെമ്മണ്ണൂർ സ്ഥാപനങ്ങൾ വഴി നടത്തുന്ന സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുന്നത്. പ്രത്യേകിച്ച് ബോബി ചെമ്മണ്ണൂർ വലിയ പലിശ വാ​ഗ്ദാനം ചെയ്ത് നിരവധിയാളുകളിൽ നിന്ന് ഡെപ്പോസിറ്റുകൾ സ്വീകരിക്കുന്നുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ ഇഡിക്ക് മനസ്സിലായത്. ഈ പണം വിവിധ ബിസിനസ് ആവശ്യങ്ങൾക്കായി വകമാറ്റുന്നുണ്ട്. ഇതിൽ കള്ളപ്പണ ഇടപാടുണ്ടോ എന്ന് അന്വേഷണ പരിധിയിൽ വരുന്നുണ്ട്. ഫെമ ലംഘനം ഉണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. സാധാരണ ​ഗതിയിൽ മറ്റേതെങ്കിലും ഏജൻസി കേസ് രജിസ്റ്റർ ചെയ്താൽ മാത്രമേ ഇഡിക്ക് കേസുമായി മുന്നോട്ട് പോകാൻ സാധിക്കൂ. നിലവിൽ ബോബി ചെമ്മണ്ണൂരിനെതിരെ യാതൊരു കേസും രജിസ്റ്റർ ചെയ്തിട്ടില്ല. അത്തരത്തിൽ വല്ല കേസും ഉയർന്നുവരുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ലോട്ടറിയുമായി ബന്ധപ്പെട്ട് ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയിരുന്നു. ഈ കേസുൾപ്പെടെ ഉയർന്നുവന്നാൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം കൊണ്ടുവരാനാണ് സാധ്യത.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe