നീലഗിരി മുതൽ കന്യാകുമാരിയിലെ അഗസ്ത്യമലവരെ ഉൾപ്പെടുന്ന തമിഴ്നാട് അതിർത്തിയിൽപ്പെടുന്ന പ്രദേശങ്ങളിൽ 28തരം പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തി. പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയും ആവാസവ്യവസ്ഥയും സംരക്ഷിക്കണമെന്ന ആവശ്യത്തോടെ മദ്രാസ് ഹൈക്കോടതിയാണ് പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയത്. നീലഗിരിയിൽ പ്ലാസ്റ്റിക് നിരോധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജികൾ തീർപ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്.
വെള്ളം, മിനറൽ വാട്ടർ, ജ്യൂസ് എന്നിവ നിറയ്ക്കാനായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പെറ്റ് കുപ്പികൾ, ഭക്ഷണം പൊതിയാനായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്/ക്ലിങ് ഫിലിം, ഡൈനിങ് ടേബിളിൽ വിരിക്കാനുള്ള ഷീറ്റുകൾ, പ്ലാസ്റ്റിക്കിന്റെയോ തെർമോക്കോളിന്റെയോ പ്ലേറ്റുകൾ, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ പ്ലേറ്റുകളും കപ്പുകളും, ചായ കപ്പുകൾ, ടംബ്ലർ, പ്ലാസ്റ്റിക് കാരി ബാഗുകൾ, നോൺ വോവെൻ കാരി ബാഗുകൾ, വാട്ടർ പൗച്ചുകൾ, പാക്കറ്റുകൾ, സ്‌ട്രോ, പതാകകൾ, വലുതും കട്ടിയുള്ളതുമായ പ്ലാസ്റ്റിക് കാരി ബാഗുകൾ, പ്ലാസ്റ്റിക് കൊണ്ടുള്ള കട്ട്ലറി സാധനങ്ങൾ എന്നിവയെല്ലാം നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു.
ഭക്ഷണം വിതരണം ചെയ്യാൻ ഇലകൊണ്ടുള്ള പാത്രമോ മൺപാത്രമോ ഉപയോഗിക്കാം. പ്ലാസ്റ്റിക് പാക്കറ്റിൽ വിൽക്കുന്ന ബിസ്കറ്റുകൾ കടലാസിലേക്ക് മാറ്റിയശേഷം മാത്രമേ കച്ചവടക്കാർ വിൽക്കാവൂയെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് എൻ. സതീഷ്കുമാറും ജസ്റ്റിസ് ഡി. ഭരതചക്രവർത്തിയുമടങ്ങുന്ന പ്രത്യേക ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 2018, 2024 സർക്കാർ ഉത്തരവുകളും 2019ലെ ഹൈക്കോടതി വിധിയും ക്രോഡീകരിച്ചാണ് ഹൈക്കോടതി പുതിയ ഉത്തരവ് ഇറക്കിയത്.