വീട്ടിലെ അടുക്കളയിലെ പഴവര്‍ഗങ്ങളുടെ കണക്കെടുത്താല്‍ എപ്പോഴും കാണുന്ന ഒന്നാണ് വാഴപ്പഴം. രാവിലെയും രാത്രിയും വാഴപ്പഴം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നാം. എന്നാല്‍ തൊലിയുടെ നിറം ഒന്നുമങ്ങിയാല്‍ പോഷകങ്ങളുടെ കലവറയായ ഈ വാഴപ്പഴത്തെ തിരിഞ്ഞു നോക്കാത്തവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാല്‍ ഇനി വാഴപ്പഴത്തിന്റെ തൊലിയുടെ നിറം മാറിയെന്ന് കരുതി എടുത്ത് കളയല്ലേ. തൊലിയുടെ നിറംമാറിയാലും പഴം കൊണ്ടുണ്ടാക്കാന്‍ സാധിക്കുന്ന വിവിധ ഭക്ഷണങ്ങളെ പരിചയപ്പെടാം.
ബനാന പാൻകേക്ക്
ബനാന പാന്‍കേക്കാണ് ആദ്യത്തേത്. പഴം ഉടച്ച് ഇതിലേക്ക് ഒരു തരി കറുവപ്പട്ടയും പാല്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഇത് ഗോതമ്പ് മാവിലേക്ക് യോജിപ്പിക്കുക. ശേഷം പാന്‍ ചൂടാക്കി മാവ് ഒഴിച്ചാല്‍ മൃദുവായ പാന്‍കേക്ക് റെഡി.
ബനാന മിൽക്ക് ഷേക്ക്
വളരെ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന മറ്റൊന്നാണ് ബനാന മില്‍ക്ക്‌ഷേക്ക്. പഴം, ഈന്തപ്പഴം, പീനട്ട് ബട്ടര്‍, കറുവപ്പട്ട എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തശേഷം മിക്‌സിയില്‍ അടിച്ചെടുക്കുക. സ്വാദിഷ്ടമായ മില്‍ക്ക് ഷേക്ക് തയ്യാര്‍.
ബനാന ഐസ്ക്രീം
ബനാന ഐസ്‌ക്രീം ആണ് മറ്റൊന്ന്. പഴം കഷ്ണങ്ങളായി മുറിച്ച ശേഷം ഫ്രീസ് ചെയ്യുക. തുടര്‍ന്ന് പാല്‍ ,കൊക്കോ ,വാനില എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക.
ഐസ്‌ക്രീം മോള്‍ഡില്‍ ഒഴിച്ച് ഇതിനു മുകളിലേക്ക് പഴം ചെറുതായി മുറിച്ച് കഷ്ണങ്ങള്‍ വെക്കുക. തുടര്‍ന്ന് ആറ് മണിക്കൂര്‍ ഫ്രീസ് ചെയ്യുക. രുചിയൂറും ക്രീമി ഐസ്‌ക്രീം തയ്യാര്‍.
ബനാന റൊട്ടി
ബനാന റൊട്ടിയാണ് അടുത്തത്. നന്നായി പഴുത്ത പഴം ഉടച്ചെടുക്കുക. ശേഷം ഗോതമ്പ് മാവിലേക്ക് ഏലക്കാപ്പൊടി,കുറച്ച് ശര്‍ക്കര ഒരു നുള്ള് ഉപ്പ് എന്നിവ ചേര്‍ത്ത് കുഴക്കുക. ശേഷം റൊട്ടിയായി പരത്തി തവയില്‍ വെച്ച് വേവിച്ചെടുക്കുക. മധുരമുള്ള ബനാന റൊട്ടി തയ്യാര്‍.
അപ്പോള്‍ വാഴപ്പഴം കറുത്തെന്ന് പറഞ്ഞ് ഇനി കളയല്ലേ. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ വിഭവങ്ങള്‍ പരീക്ഷിക്കൂ.