തിരുവനന്തപുരം: അന്തരിച്ച താരം കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയ അധിക്ഷേപം നടത്തുംവിധം കലാമണ്ഡലം സത്യഭാമ നടത്തിയ പരാമര്‍ശത്തില്‍ രാമകൃഷ്ണന് പരസ്യപിന്തുണ അറിയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സമൂഹമാധ്യമത്തിലൂടെയാണ് കലാഭവൻ മണിയും രാമകൃഷ്ണനും ഒന്നിച്ചുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് പിന്തുണ അറിയിച്ചത്.
നിറമല്ല കലയാണ് പ്രധാനം, മനുഷ്യത്വവും മാനവികതയും കൂടി ചേരുന്നതാണ് കല, നിറത്തിന്‍റെയും ജാതിയുടെയും പേരില്‍ ഒരാള്‍ അധിക്ഷേപിക്കപ്പെടുമ്പോള്‍ കലയും സംസ്കാരവും മരിക്കുന്നുവെന്നുമാണ് വിഡി സതീശൻ ഫേസ്ബുക്കില്‍ കുറിച്ചത്.
ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തിനിടെയാണ് സത്യഭാമ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിക്കുംവിധത്തിലുള്ള പരാമര്‍ശങ്ങള്‍ പങ്കുവച്ചത്. ആര്‍എല്‍വി രാമകൃഷ്ണൻ കാക്കയെ പോലെ കറുത്തയാളാണെന്നും, മോഹിനിയാട്ടം കളിക്കേണ്ടത് മോഹിനിമാരാണ്, പുരുഷന്മാരാണ് കളിക്കുന്നതെങ്കില്‍ അത്രയും സൗന്ദര്യമുള്ളവരായിരിക്കണം, ഒരു പുരുഷൻ കാല് കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുകയെന്നാല്‍ അത് അരോചകമാണ്, ഇവനെ കണ്ടാല്‍ ദൈവമോ പെറ്റ തള്ളയോ പോലും സഹിക്കില്ല എന്ന് തുടങ്ങുന്ന വംശീയാധിക്ഷേപങ്ങളാണ് കലാമണ്ഡലം സത്യഭാമ യൂട്യൂബ് ചാനല്‍ അഭിമുഖത്തിനിടെ പറഞ്ഞത്.
വീഡിയോ വലിയ രീതിയില്‍ പ്രചരിച്ചതോടെ കലാമണ്ഡലം സത്യഭാമയ്ക്കെതിരെ പ്രതിഷേധം ശക്തമാവുകയായിരുന്നു. മന്ത്രിമാരും, കലാകാരും, എഴുത്തുകാരും, മനുഷ്യാവകാശ പ്രവര്‍ത്തകരും അടക്കം നിരവധി പേരാണ് ശക്തമായ പ്രതിഷേധം വിഷയത്തിലറിയിച്ചത്.