നിലപാട് മാറ്റി സര്‍ക്കാര്‍; രൂപേഷിനെതിരെ യുഎപിഎ പുനസ്ഥാപിക്കേണ്ടെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി

news image
Sep 17, 2022, 11:57 am GMT+0000 payyolionline.in

ദില്ലി:  മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസുകളിലെ യുഎപിഎ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പിൻവലിക്കാൻ അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപേക്ഷ നല്‍കി. ഹര്‍ജി തിങ്കളാഴ്‌ച പരിഗണിക്കും. സർക്കാർ സ്റ്റാൻഡിങ് കൗൺസിൽ ഹർഷദ് വി ഹമീദാണ് അപേക്ഷ നൽകിയത്. രൂപേഷിനെതിരെ വളയം, കുറ്റ്യാടി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസിൽ യുഎപിഎ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നേരത്തെ കോടതിയെ സമീപിച്ചിരുന്നു.

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസുകളിലെ യുഎപിഎ വകുപ്പുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ ആദ്യം സുപ്രീംകോടതിയെ സമീപിച്ചത്. കേസുകളിൽ നിന്ന് യുഎപിഎ ഒഴിവാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. വളയം, കുറ്റ‍്യാടി പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ യുഎപിഎ വകുപ്പുകൾ പുനഃസ്ഥാപിക്കണമെന്നതാണ് സർക്കാർ ആവശ്യം. ഈ കേസുകളിൽ യുഎപിഎ ചുമത്തിയത് നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. സാങ്കേതിക കാരണങ്ങൾ മാത്രം ചൂണ്ടിക്കാട്ടി കേസുകളിൽ നിന്ന് യുഎപിഎ ഒഴിവാക്കിയ ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.

യുഎപിഎ ചുമത്തുന്നതിന് മുന്നോടിയായി അന്വേഷണ സംഘം നൽകുന്ന റിപ്പോർട്ടിൽ ഒരാഴ്ചക്കകം യുഎപിഎ അതോറിറ്റി അനുമതി നൽകണമെന്നതാണ് 2008ലെ ചട്ടത്തിലെ വ്യവസ്ഥ. ഈ വ്യവസ്ഥ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി രൂപേഷിനെതിരായ കേസുകളിൽ യുഎപിഎ ചുമത്തിയ നടപടി റദ്ദാക്കിയത്. എന്നാൽ 200ലെ ചട്ടത്തിന് നിർദ്ദേശക സ്വഭാവം  മാത്രമാണ് ഉള്ളതെന്നും പാലിക്കണം എന്ന് നിർബന്ധം ഇല്ല എന്നും സർക്കാർ വാദിക്കുന്നു. യുഎപിഎ അതോറിറ്റി പുനഃസംഘടിപ്പിച്ച സമയമായതിനാലാണ് ആണ് അനുമതി കൃത്യ സമയത്ത് നൽകാൻ കഴിയാത്തത്. രൂപേഷിന് എതിരായ കേസിലെ മെറിറ്റിന്റെ അടിസ്ഥാനത്തിലല്ല യുഎപിഎ നിയമം ഹൈക്കോടതി റദ്ദാക്കിയതെന്നും സർക്കാർ ഹർജിയിൽ വിശദീകരിച്ചിട്ടുണ്ട്.

2013ൽ കുറ്റ‍്യാടി പൊലീസ് രണ്ട് കേസുകളിലും 2014-ല്‍ വളയം പൊലീസ്  ഒരു കേസിലുമാണ് രൂപേഷിനെതിരെ യുഎപിഎ നിയമം ചുമത്തിയിരുന്നത്. നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തെന്നാരോപിച്ചായിരുന്നു നടപടി. ഇത് ചോദ്യം ചെയ്ക് രൂപേഷ് നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് യുഎപിഎ റദ്ദാക്കിയത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ഈ വിധി ശരി വച്ചതോടെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്. എന്നാല്‍, യുഎപിഎക്കെതിരെ ദേശീയതലത്തില്‍ ശക്തമായ നിലപാടെടുക്കുന്ന സിപിഎം ഭരിക്കുന്ന സംസ്ഥാനത്ത് ഒരാള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ സുപ്രീം കോടതിയെ സമീപിച്ചത് വിവാദമായിരുന്നു. തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിക്കണെമന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe