നിലമ്പൂർ: നിലമ്പൂർ മാരിയമ്മൻകോവിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ് ഇടഞ്ഞത്. വാഹനത്തിൽ നിന്ന് ഇറക്കി മാറ്റി നിർത്തുമ്പോഴാണ് ആന ഇടഞ്ഞത്. തുടർന്ന് ഒരു സ്കൂട്ടറും ഒരു വീടിൻറെ മതിലും ആന തകർത്തു. ഏറെനേരം മേഖലയിൽ ആശങ്ക പരത്തിക്കൊണ്ട് ആന ഓടി നടക്കുകയും ചെയ്തു. ഒന്നര മണിക്കൂറിനു ശേഷമാണ് ആനയെ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്. ആന നഗരത്തിലേക്ക് കയറുമോ എന്ന ആശങ്കയിൽ പ്രദേശത്തെ ജനങ്ങളെ പോലീസ് ഒഴിപ്പിച്ചിരുന്നു. സമീപത്തെ ഒരു പറമ്പിൽ കയറി നിന്ന ആനയുടെ കാലിൽ വടംകൊണ്ട് ബന്ധിക്കാനായി. സാഹചര്യങ്ങൾ നേരിടാൻ എലിഫൻറ് സ്‌ക്വാഡ് അടക്കം സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം പാലക്കാടും ആന ഇടഞ്ഞിരുന്നു. നേർച്ചയ്ക്കിടെ ഇടഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാൻ മരിച്ചിരുന്നു. കൂറ്റനാട് നേർച്ചയ്ക്കിടെയാണ് സംഭവം. കുഞ്ഞുമോനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നയാൾക്കും പരിക്കേറ്റു. വള്ളംകുളം നാരായണൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. നേർച്ച കഴിഞ്ഞു മടങ്ങുന്നതിനിടെ ഇടഞ്ഞ ആന പാപ്പാനെ റോഡിൽ വച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആന ഒട്ടേറെ വാഹനങ്ങളും തകർത്തിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ആനയെ തളക്കാനായത്.