നീറ്റ്, നെറ്റ് ക്രമക്കേടുകളില്‍ കേന്ദ്രത്തിനെതിരെ പ്രതിഷേധം; ദില്ലിയിലെ കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

news image
Jun 21, 2024, 7:13 am GMT+0000 payyolionline.in

ദില്ലി: നീറ്റ് നെറ്റ് പരീക്ഷ വിവാദത്തിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പാര്‍ലമെന്‍റ് വളയല്‍ സമരത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലാണ് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളമുണ്ടായത്. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി പാര്‍ലമെന്‍റിലേക്ക് നടത്തിയ കോണ്‍ഗ്രസ് മാര്‍ച്ച് ദില്ലി പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചതോടെ ഉന്തും തള്ളമുണ്ടായി. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. വിവിധസംസ്ഥാനങ്ങളിലും പ്രതിഷേധത്തിന് ആഹ്വാനമുണ്ട്. പാട്നയില്‍ ഉള്‍പ്പെടെ വിവിധയിടങ്ങളിലും കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടന്നു.

ഇതിനിടെ, എൻഎസ് യു നേതൃത്വത്തിൽ സർവകലാശാല, ജില്ലാ തലങ്ങളിലും പ്രതിഷേധം ആരംഭിച്ചു. കേരളത്തിലും വിവിധയിടങ്ങളില്‍ പ്രതിഷേധ സമരം നടന്നു. നീറ്റ് പരീക്ഷ ക്രമക്കേടില്‍ പ്രതിഷേധിച്ച് കെഎസ്‍യു തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പരീക്ഷ റദ്ദാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയതോടെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം.

 

ഇതിനിടെ നെറ്റ് പരീക്ഷ ക്രമക്കേടിൽ സിബിഐ അന്വേഷണത്തിലേക്ക് കടക്കും. എൻടിഎ അധികൃതരിൽ നിന്നടക്കം വിവരങ്ങൾ തേടും.ചോദ്യപ്പേപ്പർ ചോർച്ച സംബന്ധിച്ച് എബിവിപിയും പ്രതിഷേധം കടുപ്പിക്കുകയാണ്. ജനങ്ങൾ ചോദ്യം ഉന്നയിക്കുമെന്പോൾ സർക്കാർ മറുപടി പറയണമെന്ന് എബിവിപി പ്രതികരിച്ചു. എൻടിഎയുടെ കോലം കത്തിച്ച് രാത്രി പ്രവർത്തകർ പ്രതിഷേധിച്ചു.

നീറ്റ്, നെറ്റ് പരീക്ഷകളിലെ ക്രമക്കേട് സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്ന് എസ്എഫ്ഐ ദേശീയ പ്രസിഡന്‍റ് വിപി സാനു ആവശ്യപ്പെട്ടു. നെറ്റ് പരീക്ഷ റദ്ദാക്കിയ സാഹചര്യത്തിൽ പരീക്ഷ എഴുതിയവർക്ക് എൻ ടി എ യും കേന്ദ്ര സർക്കാരും നഷ്ട്ട പരിഹാരം നൽകണം. എൻ.ടി.എ പിരിച്ചുവിടണം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രഥാൻ രാജിവക്കണമെന്നും വിപി സാനു ആവശ്യപ്പെട്ടു.

എന്‍ടിഎ അക്കാദമി ബോഡിയല്ല. അത്തരം ഏജൻസിയാണ് പരീക്ഷ നടത്തുന്നത്. പരീക്ഷയിലെ ചോദ്യങ്ങളിൽ ഭരണഘടനയെ കുറിച്ച് ഇല്ല. എന്നാൽ, പുരാണങ്ങളെ കുറിച്ചും രാമക്ഷേത്രത്തെ കുറിച്ചും ഉള്ള ചോദ്യങ്ങൾ ഉണ്ടെന്നും വിപി സാനു ആരോപിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe