ന്യൂഡൽഹി: മെയ് നാലിലെ വിവാദമായ നീറ്റ്-യുജി പരീക്ഷ റദ്ദാക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ച് സുപ്രീംകോടതി വിധി. വ്യാപകമായ ചോർച്ച ഉണ്ടായിട്ടില്ല. പട്നയിലും ഹസാരിബാഗിലും മാത്രമണ് ചോർച്ചയുണ്ടായത്. ചോദ്യപേപ്പറുകളിൽ വ്യവസ്ഥാപരമായ ലംഘനം നടന്നിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വീണ്ടും വ്യക്തമാക്കി.
ജൂലൈ 23 നാണ് സുപ്രീം കോടതി പുനഃപരിശോധനയ്ക്ക് ഉത്തരവിടേണ്ടെന്ന് തീരുമാനിച്ചത്. ഐ.ഐ.ടി മദ്രാസിൽ നിന്നുള്ള ഡാറ്റ അനലിറ്റിക്സ് റിപ്പോർട്ടും മറ്റ് സ്ഥിതിവിവരക്കണക്കുകളും അവലോകനം ചെയ്തതിന് ശേഷമായിരുന്നു വിധി.
ഇന്നത്തെ വിധിയിൽ, സാങ്കേതിക സുരക്ഷകൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ (എസ്.ഒ.പി) വികസിപ്പിക്കാൻ കേന്ദ്രം നിയോഗിച്ച സമിതിയോട് സുപ്രീം കോടതി നിർദേശിച്ചു. പരീക്ഷ സംവിധാനത്തിലെ സൈബർ സുരക്ഷാ പിഴവുകൾ തിരിച്ചറിയൽ, തിരിച്ചറിയൽ നടപടിക്രമങ്ങൾ മെച്ചപ്പെടുത്തൽ, പരീക്ഷ കേന്ദ്രങ്ങളിൽ സി.സി.ടി.വി നിരീക്ഷണം തുടങ്ങിയവയാണ് അവയിൽ പ്രധാനം.
ചോദ്യപേപ്പര്‍ സൂക്ഷിച്ച സ്ട്രോങ് റൂമിനുപിന്നിലെ വാതില്‍ തുറന്നുവച്ചതും, ഗ്രേസ് മാര്‍ക്ക് അനുവദിച്ചതും അടക്കമുള്ള ഇത്തവണത്തെ പാളിച്ചകൾ ആവര്‍ത്തിക്കരുത് ഈ വർഷം തന്നെ തിരുത്തല്‍ നടപടികളെടുക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് ആവശ്യപ്പെട്ടു.
സർക്കാർ രൂപീകരിച്ച സമിതിയുടെ ഉത്തവരവാദിത്തങ്ങൾ ചീഫ് ജസ്റ്റിസ് വിശദീകരിച്ചു
- നിലവിലുള്ള നടപടിക്രമങ്ങളുടെ വിലയിരുത്തൽ
- സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളുടെ (എസ്ഒപി) വികസനം.
- പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കുന്നതിനുള്ള നടപടികളുടെ അവലോകനം.
- മെച്ചപ്പെടുത്തിയ ഐഡൻ്റിറ്റി സ്ഥിരീകരണ പരിശോധനകൾ നടപ്പിലാക്കൽ.
- പരീക്ഷാ കേന്ദ്രങ്ങളിൽ സി.സി.ടി.വി നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കും.
- പരീക്ഷാ പേപ്പറുകളുടെ സമഗ്രത ഉറപ്പാക്കാൻ സുരക്ഷിത ലോജിസ്റ്റിക് ദാതാക്കളുടെ ഇടപെടൽ.
- ശക്തമായ ഒരു പരാതി പരിഹാര സംവിധാനത്തിൻ്റെ ശുപാർശ.
പരീക്ഷ സംവിധാനത്തിൻ്റെ സൈബർ സുരക്ഷയിൽ സാധ്യമായ പോരായ്മകൾ കണ്ടെത്തുന്നതിന് സാങ്കേതിക വിദ്യകൾ ഉപയോഗിക്കേണ്ടതിൻ്റെ പ്രാധാന്യവും ചീഫ് ജസ്റ്റിസ് ഊന്നിപറഞ്ഞു.