മുംബൈ: മെഡിക്കൽ കോളജിലേക്ക് എം.ബി.ബി.എസ് പ്രവേശനത്തിനു പോകാനിരിക്കെ 19കാരൻ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ചന്ദ്രപുർ ജില്ലയിലെ നവർഗാവ് സ്വദേശിയായ അനുരാഗ് അനിൽ ബോർക്കറാണ് ഡോക്ടറാകാൻ താൽപര്യമില്ലെന്ന് ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കി ജീവനൊടുക്കിയത്. ഈ വർഷം നടന്ന നീറ്റ് യു.ജി പരീക്ഷയിൽ 99.99 പെർസന്റൈലോടെ അഖിലേന്ത്യാ തലത്തിൽ 1475-ാം റാങ്ക് (ഒ.ബി.സി വിഭാഗം) നേടിയ വിദ്യാർഥിയാണ് അനുരാഗ്. ഉത്തർ പ്രദേശിലെ ഗൊരഖ്പുരിലുള്ള മെഡിക്കൽ കോളജിലാണ് അനുരാഗിന് എം.ബി.ബി.എസ് കോഴ്സിന് അലോട്ട്മെന്റ് ലഭിച്ചത്.
ഗൊരഖ്പുരിലേക്ക് പുറപ്പെടാനിരിക്കെയാണ് സ്വന്തം വീട്ടിൽ അനുരാഗിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. മുറിയിൽനിന്ന് കണ്ടെത്തിയ ആത്മഹത്യ കുറിപ്പ് പുറത്തുവിട്ടിട്ടില്ല. ഡോക്ടറാകാൻ തനിക്ക് താൽപര്യമില്ലെന്നും ബിസിനസ് രംഗത്തേക്ക് കടക്കാനാണ് താൽപര്യമെന്നും അനുരാഗ് എഴുതിയതായി പൊലീസ് വെളിപ്പെടുത്തി. മാതാപിതാക്കളോടൊപ്പം കഴിഞ്ഞുവന്നിരുന്ന കൗമാരക്കാരന്റെ മരണം പ്രദേശവാസികളെ ഞെട്ടിച്ചു. കേസിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്