നീറ്റ് ഹർജികളിൽ സുപ്രീം കോടതിയിൽ ഇന്ന് കേന്ദ്രത്തിന്റെ വാദം; പ്രത്യേക സമിതി ഇന്ന് റിപ്പോർട്ട് കോടതിയിൽ നൽകും

news image
Jul 23, 2024, 5:45 am GMT+0000 payyolionline.in

ദില്ലി: രണ്ട് നീറ്റ് ഹർജികളിൽ സുപ്രീം കോടതിയിൽ ഇന്ന് വീണ്ടും വാദം തുടരും. പുനഃപരീക്ഷ ആവശ്യപ്പെട്ടുള്ള ഹർജികളിൽ ഇന്ന് കേന്ദ്രത്തിന്റെ വാദമാണ് നടക്കുക. ഇന്നലെ ഹർജിക്കാരുടെ വാദം പൂർത്തിയാക്കിയിരുന്നു. നീറ്റ് പരീക്ഷ ചോദ്യ പേപ്പർ കൂടുതൽ സ്ഥലങ്ങളിൽ ചോർന്നതിന് തെളിവില്ല എന്ന നിലപാടിൽ കോടതി ഉറച്ചു നിൽക്കുകയാണ്. പല പരീക്ഷ കേന്ദ്രങ്ങളിലും പിഴവുകൾ ഉണ്ടായി എന്ന ഹർജിക്കാരുടെ വാദം സമ്മതിക്കാം. എന്നാൽ പിഴവുകളും ചോദ്യപേപ്പർ ചോർച്ചയും രണ്ടായാണ് പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എട്ടു കേന്ദ്രങ്ങളിൽ ചോദ്യപേപ്പർ സെറ്റ് മാറി നൽകി എന്ന് എൻടിഎ കോടതിയിൽ സമ്മതിച്ചു. ഫിസിക്സിൽ ഒരു ചോദ്യത്തിന് രണ്ട് ഉത്തരങ്ങൾക്ക് മാർക്ക് നൽകിയത് പുനഃപരിശോധിക്കാൻ സുപ്രീംകോടതി സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി ഇന്ന് റിപ്പോർട്ട് നൽകും.

നീറ്റ് പരീക്ഷാ ക്രമക്കേടിൽ ലോക്സഭയിൽ ഇന്നലെ ഭരണ – പ്രതിപക്ഷ പോര് കടുത്തിരുന്നു. രാജ്യത്തെ പരീക്ഷാ സമ്പ്രദായം തട്ടിപ്പിലേക്ക് മാറിയെന്ന്  രാഹുൽ ഗാന്ധി ആരോപിച്ചു. ചോദ്യ പേപ്പർ ചോർച്ചക്ക് തെളിവില്ലെന്നും ക്രമക്കേട് ബോധ്യപ്പെട്ടാൽ മാത്രം മറുപടി പറയാനേ സർക്കാരിന് ബാധ്യതയുള്ളൂവെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ തിരിച്ചടിച്ചു. പ്രതിലോമ രാഷ്ട്രീയം കളിക്കുന്ന ചില കക്ഷികൾ പാർലമെൻറിൻറെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുകയാണന്ന് രാവിലെ മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി വിമർശിച്ചു.

നീറ്റ് വിവാദം പുകയുമ്പോൾ കഴിഞ്ഞ 7 വർഷത്തിനിടെ ചോദ്യപേപ്പർ ചോർന്നതിന് ഒരു തെളിവുമില്ലെന്നാണ് ചോദ്യോത്തര വേളയിൽ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പ്രതിരോധമുയർത്തിയത്. നീറ്റ് പരീക്ഷക്കെതിരായ പരാതിയിൽ സിബിഐ അന്വേഷണം നടക്കുകയാണ്. ഒന്നും മറച്ചു വയക്കാനില്ലെന്ന് പറഞ്ഞ മന്ത്രി കേന്ദ്രത്തിൻറെ നിലപാട് സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. മന്ത്രിയുടെ വാദം തള്ളിയ രാഹുൽ ഗാന്ധി പണം ഉള്ളവന് പരീക്ഷ ജയിക്കാമെന്ന നിലയിലേക്ക് രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായമെത്തിയെന്ന് കുറ്റപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe