ചെന്നൈ: കടുവകൾ ചത്തതിനെ തുടർന്ന് നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (എൻ.ടി.സി.എ) ഉദ്യോഗസ്ഥ സംഘത്തെ തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലേക്ക് അയച്ചു. 40 ദിവസത്തിനുള്ളിൽ 10 കടുവകൾക്ക് ജീവൻ നഷ്ടപ്പെട്ടത് റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് അന്വേഷണം.
ഇൻസ്പെക്ടർ ജനറൽ (ഐജി) മുരളി കുമാർ, സെൻട്രൽ വൈൽഡ് ലൈഫ് ക്രൈംബ്രാഞ്ച് സൗത്ത് സോൺ ഡയറക്ടർ കിരുബ ശങ്കർ, സെൻട്രൽ വൈൽഡ് ലൈഫ് റിസർച്ച് സെന്റർ സയന്റിസ്റ്റ് രമേഷ് കൃഷ്ണമൂർത്തി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ആഗസ്റ്റ് 16-ന് സിഗൂർ മേഖലയിൽ രണ്ട് കടുവക്കുട്ടികൾ ചത്തിരുന്നു. പിന്നീട് എട്ടോളം കടുവകൾ തുടരെ ചത്തു. ഇതിന് പിന്നാലെ ആഗസ്റ്റ് 17ന് നടുവട്ടത്തും ആഗസ്റ്റ് 31ന് മുതുമലയിലും കടുവകൾ ചത്തിരുന്നു. കൂടാതെ, സെപ്തംബർ 9 ന് അവലാഞ്ചിയിൽ വിഷം കലർത്തിയ മാംസം ഉപയോഗിച്ച് രണ്ട് കടുവകളെ കൊന്നതായി കണ്ടെത്തി. സെപ്റ്റംബർ 17 നും 19 നും ഇടയിൽ കുന്നൂരിൽ നാല് കടുവക്കുട്ടികൾ ചത്തിരുന്നു. രണ്ട് കടുവകളെ കാണാതാവുകയും ചെയ്ത സാഹചര്യത്തിലാണ് അന്വേഷണം ആരംഭിക്കാൻ കേന്ദ്ര അതോറിറ്റി തീരുമാനിച്ചത്.
200 മീറ്ററിലധികം ദൂരത്തേക്ക് ഒരു കടുവ തന്റെ കുഞ്ഞുങ്ങളെ ശ്രദ്ധിക്കാതെ വിടുകയില്ല. ഈ രണ്ട് കടുവകളെ കാണാതായതും കടുവക്കുട്ടികൾ ചത്തതുമായി അവയുടെ വാസസ്ഥലത്തിന് ബന്ധമുണ്ടോയെന്ന ചോദ്യവും പരിസ്ഥിതി പ്രവർത്തകർക്കിടയിൽ ഉയർന്നിരുന്നു.