നീലേശ്വരം (കാസർകോട്): നീലേശ്വരം തെരു അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിന്‍റെ ഭാഗമായി വെടിക്കെട്ട് നടത്താൻ വാങ്ങിയത് 24,000 രൂപയുടെ ചൈനീസ് പടക്കങ്ങൾ. ക്ഷേത്ര ഭാരവാഹികളാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. പടക്കം വാങ്ങിയതിന്‍റെ ബിൽ പൊലീസിന് കൈമാറിയിട്ടുണ്ട്.
അതേസമയം, ക്ഷേത്രഭാരവാഹികൾ പറയുന്നതിൽ കൂടുതൽ പടക്കങ്ങൾ വാങ്ങിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. എന്നാൽ, രേഖാമൂലം ഉള്ളത് 24,000 രൂപയുടെ പടക്കങ്ങളാകാമെന്നും ചൂണ്ടിക്കാട്ടുന്നു. ഈ വിഷയത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.
തോറ്റം പുറപ്പാട് സമയത്ത് ചൈനീസ് പടക്കമാണ് പൊട്ടിച്ചത്. എന്നാൽ, ഇതിനിടെ ഒരു ഗുണ്ട് പൊട്ടുകയും അത് സ്ത്രീകൾ നിന്ന ഷെഡ്ഡിന് മുകളിൽ വീണതായും വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചെന്നും വിവരമുണ്ട്.
അതിനിടെ, വെടിക്കെട്ട് അപകടത്തിൽ എട്ടു പേർക്കെതിരെ പൊലീസ് സ്വമേധയ കേസെടുത്തു. ക്ഷേത്ര ഭരണസമിതി പ്രസിഡന്‍റും കരുവാശ്ശേരി സ്വദേശിയുമായ ഭരതൻ, സെക്രട്ടറി ചന്ദ്രശേഖരൻ പടന്നക്കാട്, എ.വി. ഭാസ്ക്കരൻ, തമ്പാൻ, ചന്ദ്രൻ, ബാബു, ശശി അടക്കം ഭാരവാഹികൾക്കും വെടിക്കെട്ട് നടത്തിയ രാജേഷിനും എതിരെയാണ് നിലേശ്വരം പൊലീസ് കേസെടുത്തത്.
നീലേശ്വരം തെരുറോഡിലെ അഞ്ഞൂറ്റമ്പലം വീരാർക്കാവ് ദേവസ്യം ക്ഷേത്ര ഉൽസവത്തോടനുബന്ധിച്ച് ക്ഷേത്ര ഭാരവാഹികൾ നിയമപരമായ അനുമതിയും ലൈസൻസില്ലാതെയും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അശ്രദ്ധമായി കൈകാര്യം ചെയ്തെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. വെടിക്കെട്ട് നടത്തി വെടിപ്പുരക്ക് തീപിടിച്ച് ക്ഷേത്ര ഉത്സവം കാണാനെത്തിയ ഭക്തജനങ്ങളും നാട്ടുകാരുമായി നൂറിൽ അധികം പേർക്ക് ഗുരുതരവും നിസാരവുമായി പരിക്കേറ്റെന്നും എഫ്.ഐ.ആറിൽ വിവരിക്കുന്നു.
കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിനിടെ വെടിക്കെട്ട് പുരക്ക് തീപിടിച്ചാണ് വൻ സ്ഫോടനം നടന്നത്. തിങ്കളാഴ്ച അർധരാത്രി 12 മണിയോടെ മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടമുണ്ടായത്. വെടി പൊട്ടിക്കുന്നതിനിടെ വെടിക്കെട്ട് പുരയിൽ തീപ്പൊരി വീണാണ് സ്ഫോടനമെന്ന് പ്രാഥമിക വിവരം. തെയ്യം കാണാൻ മുമ്പിൽ നിന്നിരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പരിക്കുണ്ട്.
അപകടത്തെ തുടർന്ന് പരിഭ്രാന്തരായ ജനക്കൂട്ടം ഓടി രക്ഷപ്പെടുന്നതിനിടയിൽ വീണും പലർക്കും പരിക്കേറ്റു. 10 വയസ് മുതൽ 60 വയസ് വരെ പ്രായമുള്ള 150ലേറെ പേർക്ക് അപകടത്തിൽ പരിക്കേറ്റു. നാലു പേരുടെ നില ഗുരുതരമാണ്. നിലവിൽ 97 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്.