നെല്ല് സംഭരണം: ‘ജയസൂര്യ പുതിയ തിരക്കഥ ഉണ്ടാക്കാന്‍ ശ്രമിച്ചു’; നിയമസഭയില്‍ വിമര്‍ശിച്ച് കൃഷിമന്ത്രി

news image
Sep 14, 2023, 6:31 am GMT+0000 payyolionline.in

തിരുവനന്തപുരം: കാർഷിക പ്രതിസന്ധി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് തള്ളി. നെല്ല് സംഭരിച്ചതിന്‍റെ തുക വൈകിയതിന് ഉത്തരവാദി സപ്ലൈകോ ആല്ലെന്നും പണം നൽകാതെ ബാങ്കുകൾ സപ്ലൈകോ നടപടിയെ അട്ടിമറിക്കാൻ ശ്രമിച്ചെന്നും കൃഷിമന്ത്രി പി പ്രസാദ് ആരോപിച്ചു. പണം കിട്ടിയ കൃഷ്ണപ്രസാദിന്‍റെ പേരിൽ ജയസൂര്യ പുതിയ തിരക്കഥ ഉണ്ടാക്കാൻ ശ്രമിച്ചെന്നും കൃഷിമന്ത്രി മന്ത്രി സഭയിൽ വ്യക്തമാക്കി.

കർഷക പ്രശ്‍നം ജയസൂര്യ പറഞ്ഞപ്പോൾ നടന്റെ മേൽ കുതിര കയറാൻ സൈബർ സംഘങ്ങളെ വെച്ചുവെന്ന് സണ്ണി ജോസഫ് എംഎല്‍എ ആരോപിച്ചു. കാർഷിക പാക്കേജ് പ്രഖ്യാപിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.  പ്രതിപക്ഷം വസ്തുതകൾ വളച്ചൊടിക്കുകയാണെന്ന് കൃഷിമന്ത്രി തിരിച്ചടിച്ചു. സണ്ണി ജോസഫ് പറഞ്ഞത് രാഷ്ട്രീയമാണ്. റബർ കർഷകരുടെ കാര്യത്തിൽ കേന്ദ്ര സഹായം പോലും ഇല്ലാതെ 1914.15 കോടി സംസ്ഥാനം നൽകി. സണ്ണി ജോസഫ് കേന്ദ്രത്തിനെതിരെ ഒന്നും പറയുന്നില്ലെന്നും കൃഷി മന്ത്രി വിമര്‍ശിച്ചു. നെല്ല് സംഭരണത്തിൽ പണം കൊടുത്തുതീര്‍ത്ത് വരുകയാണെന്നും കൃഷിമന്ത്രി സഭയിൽ പറഞ്ഞു. മേൽ നോട്ടത്തിനായി ഒരു ക്യാബിനറ്റ് ഉപസമിതി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

 

നെല്ല് സംഭരണത്തില്‍ യഥാസമയം കേന്ദ്ര സഹായം ലഭിക്കാതെ വന്നപ്പോഴാണ് വായ്പ സംവിധാനം കൊണ്ടുവന്നത്. പലിശ സഹിതം തിരിച്ചടക്കുന്നത് സർക്കാരാണ്. കർഷകർക്ക് പണം അടക്കേണ്ടി വരും എന്നത് ഇല്ലാക്കഥയാണെന്നും കൃഷി മന്ത്രി വ്യക്തമാക്കി. പണം കിട്ടിയ കൃഷ്ണ പ്രസാദിന്റെ പേര് പറഞ്ഞാണ് ജയസൂര്യ സംസാരിച്ചത്. ജയസൂര്യ പുതിയ തിരക്കഥ ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന് കുറ്റപ്പെടുത്തിയ മന്ത്രി, പരിപാടിയിൽ തന്നെ മന്ത്രി പി രാജീവ് കൃത്യമായ മറുപടി നല്‍കിയിരുന്നുവെന്നും വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe